ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ കേസ്: അയല്‍വാസി അറസ്റ്റില്‍

തളിപ്പറമ്പ്: ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരികളായ യുവതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കുറ്റ്യേരിയിലെ മഠത്തില്‍ അബ്ദുല്‍ റഷീദി(32)നെയാണ് തളിപ്പറമ്പ് സിഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുറ്റ്യേരിയിലെ സൂപ്പിക്കാരന്റകത്ത് ഹൗസില്‍ ആയിഷയുടെ മക്കളെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ രണ്ടിന് രാവിലെ 11.30ഓടെ റഷീദ് കോരന്‍പീടികയിലെ ഓട്ടോ സ്റ്റാന്റിലെത്തി ഓട്ടോ ഡ്രൈവറെ സമീപിച്ച് ആയിഷയുടെ വീട്ടില്‍ കിറ്റ് ഏല്‍പ്പിക്കണമെന്ന് അറിയിച്ചു. വിലാസവും യാത്രാക്കൂലിയും നല്‍കിയതോടെ ഓട്ടോ ഡ്രൈവര്‍ കിറ്റ് ഏല്‍പ്പിച്ചു. എന്നാല്‍, ഇതേ പേരിലുള്ള മറ്റൊരു വീട്ടിലാണു നല്‍കിയത്. വിലാസം മാറി ലഭിച്ച കിറ്റ് പിന്നീട് നിര്‍ധന കുടുംബമായ ആയിഷയുടെ മക്കളെ ഫോണില്‍ വിളിച്ച് കൈമാറുകയായിരുന്നു. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഐസ്‌ക്രീം ഉച്ചയോടെ കഴിച്ചപ്പോഴാണ് ആയിഷയുടെ രണ്ടു പെണ്‍മക്കളും അവശനിലയിലായത്.
ഐസ്‌ക്രീമില്‍ നിന്നു കീടനാശിനിയുടെ മണംകൂടി വന്നതോടെ ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും ചികില്‍സ തേടുകയായിരുന്നു. പരിശോധനയില്‍ ഐസ്‌ക്രീമില്‍ മാരക കീടനാശിനിയായ ഫ്യൂറഡാന്‍ കലര്‍ത്തിയതായി കണ്ടെത്തി. ഇതോടെയാണ് കൊലപാതകശ്രമമാണെന്നു വ്യക്തമായത്.
തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പ്രതിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെയും സഹായം തേടി. വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവന്ന ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളുടെ കുടുംബവുമായുള്ള വഴിതര്‍ക്കം കാരണം ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയതെന്ന് പോലിസ് പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല കൃത്യം ചെയ്തതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഐപിസി 307 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it