ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ കേസ്: അന്വേഷണം കര്‍ണാടകയിലേക്ക്; പ്രതി പെരുമ്പടവ് സ്വദേശിയെന്നു സംശയം

തളിപ്പറമ്പ്: ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരികളായ യുവതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന പെരുമ്പടവ് സ്വദേശിയെ തേടി അന്വേഷണസംഘം കര്‍ണാടകയിലേക്ക്. പ്രതിയെന്നു സംശയിക്കുന്നയാള്‍ കര്‍ണാടകയിലെ ചില സ്ഥലങ്ങളില്‍ സന്ദര്‍ശകനായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷിക്കുന്നത്. പ്രതിയുടെ രേഖാചിത്രം കര്‍ണാടകയിലെ വിവിധ സ്‌റ്റേഷനുകളിലേക്കും അയച്ചു കൊടുത്തിട്ടുണ്ട്.
കോരന്‍പീടികയിലെ ഓട്ടോഡ്രൈവറുടെ സഹായത്തോടെയാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പോലിസ് തയ്യാറാക്കിയത്. വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതിയും ക്ലീന്‍ ഷേവ് ചെയ്തതുമായ യുവാവാണ് ഐസ്‌ക്രീം അടങ്ങിയ പാര്‍സല്‍ കവര്‍ തന്നതെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
ബുധനാഴ്ച രാവിലെയാണ് കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവറെ സമീപിച്ച അജ്ഞാതനായ യുവാവ് അരിയും ഐസ്‌ക്രീമും അടങ്ങിയ കിറ്റ് കുറ്റ്യേരിയിലെ ആയിശയുടെ വീട്ടിലേക്കു കൊടുത്തുവിട്ടത്. ഐസ്‌ക്രീം കഴിച്ചതോടെ ആയിശയുടെ രണ്ടു പെണ്‍മക്കളും അവശനിലയിലായി. പിന്നീടിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും അവിടുന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ കഴിയുന്ന സഹോദരിമാരില്‍ നിന്ന് പോലിസ് വീണ്ടും മൊഴിയെടുക്കും. പരിശോധനയില്‍ ഐസ്‌ക്രീമില്‍ മാരക കീടനാശിനിയായ ഫ്യൂറഡാന്റെ അംശം കണ്ടെത്തിയിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച യുവതികളുടെ വീട്ടില്‍ ചിക്കന്‍ബിരിയാണി എത്തിച്ച ചപ്പാരപ്പടവിലെ ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ല. തളിപ്പറമ്പ് സിഐ കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it