Flash News

ഐസിസി ചാപ്യന്‍സ് ട്രോഫി : ഇന്ത്യക്ക് പിഴച്ചതെവിടെ ?



ലണ്ടന്‍: ആവേശം നിറഞ്ഞ നിമിഷങ്ങളും കണ്ണീരണിയിക്കുന്ന ഓര്‍മകളുമായി മറ്റൊരു ക്രിക്കറ്റ് പൂരത്തിനും കൂടി കൊടിയിറങ്ങിക്കഴിഞ്ഞു. ഐസിസി ചാപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ വിജയ പതാക വീശിയപ്പോള്‍ റാങ്കിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്കും മുന്‍ ചാംപ്യന്‍മാരായ ഇന്ത്യക്കും കണ്ണീരോടെ കൈയ്യടിക്കേണ്ടി വന്നു. കണക്കിലും കണക്ക് പുസ്തകത്തിനും കാര്യമില്ലെന്ന് പ്രകടനം കൊണ്ട് പാകിസ്താന്‍ തെളിയിച്ചപ്പോള്‍ രചിക്കപ്പെട്ടത് പുതുക്രിക്കറ്റ് ചരിതം. വീറും വാശിയും നിറഞ്ഞു നിന്ന ചാംപ്യന്‍സ് ട്രോഫിയുടെ ആവേശ നിമിഷങ്ങളിലൂടെ ഒരു മടക്കയാത്ര.

കോഹ്‌ലിയുടെ പരാജയം
ഇന്ത്യന്‍ ടീമിന്റെ അമരക്കാരനായെത്തിയശേഷം ഇന്ത്യയെ ചരിത്ര നേട്ടങ്ങളിലേക്ക് നയിച്ച കോഹ്‌ലി തന്നെ ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്കും നായകനായെന്ന് പറയാം. കോഹ്‌ലിക്ക് പിഴവുകള്‍ മാത്രം സംഭവിച്ചപ്പോള്‍ നഷ്ടപ്പെടാനൊന്നുമില്ലാതിരുന്ന പാകിസ്താന് അത് കച്ചിത്തുരുമ്പായി. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് സംഭവിച്ച ദുരന്തത്തിന്റെ ബാക്കിപത്രമാണ് ഓവലില്‍ പാകിസ്താനെതിരെ അരങ്ങേറിയത്. അന്ന് ടോസ് നേടിയിട്ടും ആസ്‌ത്രേലിയയെ ബാറ്റിങിനയക്കാനുള്ള സൗരവ് ഗാംഗുലിയുടെ തീരുമാനത്തെ റിക്കി പോണ്ടിങ് ബാറ്റുകൊണ്ട് തെറ്റായെന്ന് തെളിയിച്ചപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ ഉയര്‍ന്നത് കൂറ്റന്‍ വിജയ ലക്ഷ്യം. സചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം ഓസീസിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ആശ്വസിക്കാന്‍ ഇന്ത്യക്ക് സെവാഗിന്റെ അര്‍ധ സെഞ്ച്വറി മാത്രം. ഈ തോല്‍വിയുടെ എല്ലാ ഓര്‍മകളും ഞായറാഴ്ച ഇന്ത്യ അയവിറക്കി. കൈയില്‍ ലഭിച്ച ടോസിനെ കോഹ്‌ലി നഷ്ടപ്പെടുത്തുന്നു. ഫഖര്‍ സമാനെന്ന യുവതാരം പാകിസ്താന് വേണ്ടി കന്നി സെഞ്ച്വറി നേടി ഇന്ത്യക്ക് 339 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിക്കുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. അതോടെ നാണംകെട്ട, ചരിത്ര തോല്‍വിയും ഇന്ത്യക്കൊപ്പം. അന്ന് ഓസീസിനെതിരേ സേവാഗ് അര്‍ധ സെഞ്ച്വറി നേടിയെങ്കില്‍ ലണ്ടനില്‍ അത് ഹര്‍ദിക്കായിരുന്നുവെന്നു മാത്രം.———
ബൗളിങിലെ മൂര്‍ച്ചക്കുറവ്
റണ്ണൊഴുകുന്ന മൈതാനമാണ് ഓവലിലേതെന്ന് ക്യൂറേറ്റര്‍ പറഞ്ഞത് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി വിസ്മരിച്ചു. പാകിസ്താന്റെ ബൗളിങ് കരുത്ത് മാത്രം കണ്ട ഇന്ത്യന്‍ നായകന്‍ വര്‍ധിത വീര്യമുള്ള പാക് ബാറ്റിങ് നിരയെ കണക്കിലെടുത്തില്ല. തെറ്റിപ്പോയ ആ തീരുമാനമാണ് മല്‍സരത്തില്‍ ഉടനീളം ഇന്ത്യക്ക് തിരിച്ചടി നല്‍കിയത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ പരിക്കേറ്റ രവിചന്ദ്ര അശ്വിനെ തന്നെ കോഹ്‌ലി നിലനിര്‍ത്തി. പാക് ബാറ്റ്‌സ്മാന്‍മാര്‍ കണക്കിന് തല്ലുകൊടുത്തിട്ടും 10 ഓവര്‍ അശ്വിന് എറിയേണ്ടി വന്നു. വഴങ്ങിയത് വിക്കറ്റില്ലാതെ 70 റണ്‍സ്. ജഡേജയുടെ അവസ്ഥയും മറിച്ചല്ല. എട്ട് ഓവറില്‍ വാരിക്കൂട്ടിയത് 67 റണ്‍സ്. ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബൂംറയുടെ ബൗളിങാണ് ഏറ്റവും കൂടുതല്‍ നിരാപ്പെടുത്തിയത്. ഫഖര്‍ സമാനെ തുടക്കത്തിലെ പുറത്താക്കിയ ബൂംറ പക്ഷേ ചുവടു പിഴച്ചത് അറിഞ്ഞില്ല. ബൂംറയെ തല്ലിപ്പറത്താന്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ വിഷമിച്ചെങ്കിലും എക്‌സ്ട്രാസ് വിട്ടുനല്‍കി ബൂംറ ആ വിടവ് നികത്തി. 10 ഓവറില്‍ വഴങ്ങിയത് 44 റണ്‍സും ഒരു വിക്കറ്റും.——കേദാര്‍ ജാദവ്, യുവരാജ് സിങ് എന്നീ രണ്ട് പാര്‍ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ കോഹ്‌ലിക്ക് പിഴച്ചു. മധ്യ ഓവറുകളില്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ പരിചയ സമ്പന്നനായ യുവരാജ് സിങിന് ഒരവസരം നല്‍കിയിരുന്നെങ്കില്‍ ചിലപ്പോള്‍ മല്‍സരത്തിന്റെ ഗതി തന്നെ മാറിയേനെ. കേദാര്‍ ജാദവിനെ അവസാന ഓവറുകളില്‍ എറിയിക്കാതെ മധ്യ ഓവറുകളില്‍ പരീക്ഷിച്ചിരുന്നെങ്കിലും ചിലപ്പോള്‍ ഫലം കണ്ടേനെ. ബംഗ്ലാദേശിനെതിരായ സെമി ഫൈനലില്‍ ജാദവിന്റെ ബൗളിങ് മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചതെന്ന് കോഹ്‌ലി മറന്നു. പാകിസ്താന്‍ സ്‌കോര്‍ബോര്‍ഡ് 250 പിന്നിട്ടപ്പോള്‍ തന്നെ പാതി മരിച്ച മനസ്സുമായി ഗ്രൗണ്ടില്‍ കാണപ്പെട്ട കോഹ്‌ലിയുടെ മുഖത്ത് നിഴലിച്ച സമ്മര്‍ദമാണ് ഇന്ത്യയെ പടുതോല്‍വിയിലേക്ക് തള്ളിവിട്ടത്.
—ക്രീസിലും പിഴവ്
ഇന്ന് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്നുള്ളതിനുള്ള ഉത്തരമാണ് മുഹമ്മദ് അമീര്‍ എന്ന പാക് താരം. ഇക്കാര്യം മറന്നത് പക്ഷേ, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരിക്കും. തളര്‍ന്ന മനസ്സുമായി മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മൂന്നാം പന്തില്‍ തന്നെ രോഹിതിനെ നഷ്ടമായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരം ഇന്ത്യയുടെ രക്ഷകനാവുന്ന കോഹ്‌ലിക്ക് പക്ഷേ ഇത്തവണ പിഴച്ചു. നായകന്റെ സമ്മര്‍ദം എവിടെ ബാറ്റ് വെക്കണമെന്ന് കോഹ്‌ലിയെ ആശങ്കപ്പെടുത്തിയപ്പോള്‍ അമീറിന്റെ പന്തില്‍ ഒരു വട്ടം കോഹ്‌ലിക്ക് ലൈഫ് കിട്ടി. സ്ലിപ്പില്‍ അസര്‍ അലിയുടെ കൈകള്‍ ചോര്‍ന്നപ്പോള്‍ കോഹ്‌ലിക്ക് കിട്ടിയ പുതു ജീവന്‍ അടുത്ത പന്തില്‍ ആവര്‍ത്തിക്കപ്പെട്ടില്ല. അമീറിന്റെ ക്ലാസിക്  പന്തില്‍ ഷദാബ് ഖാന് ക്യാച്ച് സമ്മാനിച്ച് കോഹ്‌ലി മടങ്ങിയപ്പോള്‍ ഇന്ത്യന്‍ നിരയുടെ സര്‍വ പ്രതീക്ഷകളും കൈവിട്ട പോലെയായി. ധവാനും യുവരാജും ധോണിയുമെല്ലാം മോശം തുടക്കത്തിന്റെ സമ്മര്‍ദത്തില്‍ കളി മറന്നപ്പോള്‍ ഇന്ത്യക്ക് തോല്‍വി വഴങ്ങുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.—ഫീല്‍ഡിങിലും ഇന്ത്യക്ക് ചുവടു പിഴച്ചു. പാകിസ്താന്‍ താരങ്ങളുടെ റണ്‍സ് കണ്ടെത്താനുള്ള ഓട്ടത്തിനിടയില്‍ ഇന്ത്യക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍... രോഹിത് ശര്‍മയും കോഹ്‌ലിയും നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓര്‍ത്ത് ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും. പിഴവുകള്‍ മാത്രം സംഭവിച്ച ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയുടെ കൈയെത്തും ദൂരത്ത് നിന്ന് പാകിസ്താന്റെ അലമാരിയിലേക്ക് മാറ്റപ്പെടുമ്പോള്‍, കോഹ്‌ലി എന്ന ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ നായകനെന്ന നിലയില്‍ ഇനിയും ഏറെ മികവ് പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് അനുമാനിക്കാം.
Next Story

RELATED STORIES

Share it