Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പോരിന് കളമൊരുങ്ങുന്നു



മുംബൈ: ലോക ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു. സൂപ്പര്‍ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാക് മല്‍സരത്തിന് വേദിയാവുന്നത് ജൂണ്‍മാസത്തിലാരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ ഇന്ത്യക്കു മികച്ച റെക്കോര്‍ഡാണ് ഉള്ളതെങ്കിലും ഇന്‍സമാം ഉല്‍ ഹഖിന്റെ പരിശീലനത്തില്‍ പാകിസ്താന്‍ ഒരുങ്ങി ഇറങ്ങുമ്പോള്‍ ജയിക്കാന്‍ മികച്ച പ്രകടനം തന്നെ ഇന്ത്യക്ക് പുറത്തെടുക്കേണ്ടി വരും. ജൂണ്‍ നാലിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് മല്‍സരം നടക്കുന്നത്.പാകിസ്താനെതിരേ ഇതു വരെയുള്ള ഐസിസി ലോകകപ്പുകളിലെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഐസിസിയുടെ ഏകദിന,  ട്വന്റി ലോകകപ്പുകളില്‍ പാകിസ്താനെതിരേ കളിച്ച 11 മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ ഏറെ പിന്നിലാണെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഇതല്ല സ്ഥിതി. അവിടെ കണക്കുകളില്‍ പാകിസ്താന് നേരിയ മുന്‍തൂക്കമുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നു തവണ മാറ്റുരച്ചപ്പോള്‍ രണ്ടിലും വിജയം പാകിസ്താനായിരുന്നു.ഇന്ത്യക്കെതിരേയുള്ള മോശം റെക്കോര്‍ഡിനെക്കുറിച്ച് ആലോചിച്ച് ആശങ്കയില്ലെന്നാണ് മുന്‍ ക്യാപ്റ്റനും പാക് ടീമിന്റെ മുഖ്യ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത്. ചാംപ്യന്‍സ് ട്രോഫിയിലേത് പുതിയൊരു മല്‍സരമാണെന്നും ജയത്തിനായി ടീം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ചാംപ്യന്‍സ് ട്രോഫിക്ക് മികച്ച ടീമിനെയാണ് ഇത്തവണ പാകിസ്താന്‍ പ്രഖ്യാപിച്ചത്. സര്‍ഫ്രാസ് അഹമ്മദാണ് പാക് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവരുടെ സാന്നിധ്യം പാകിസ്താന് മുതല്‍ക്കൂട്ടാവും. അടുത്തിടെ വിന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഏഴു വിക്കറ്റെടുത്ത ശതാബ് ഖാന്‍, യുവ ഓള്‍റൗണ്ടര്‍ ഇമാദ് വസീം എന്നിവരും പാക് ടീമിലുണ്ട്. യുവത്വവും അനുഭവസമ്പത്തും ഒത്തുചേര്‍ന്ന പാക് ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു കടുത്ത ഭീഷണിയുയര്‍ത്തിയേക്കും.നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങും, രോഹിത് ശര്‍മയും, ശിഖാര്‍ ധവാനും, മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. എങ്കിലും വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഇത്തവണ പാകിസ്താനെ വീഴ്ത്തുക അത്ര എളുപ്പമാവില്ല. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പല പ്രമുഖ താരങ്ങളും ഇരു ടീമുകള്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ നടക്കേണ്ടിയിരുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ആഭ്യന്തര പ്രശ്‌നങ്ങള്‍മൂലം ഇന്ത്യ റദ്ദാക്കിയിരുന്നു.
Next Story

RELATED STORIES

Share it