Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം ; ഇന്ത്യ- പാക് ഫൈനല്‍



ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - പാകിസ്താന്‍ ഫൈനല്‍. രണ്ടാം സെമിയില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 264 റണ്‍സിനെ  40.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 265 റണ്‍സ് നേടി ഇന്ത്യ മറികടന്നു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും(123*) അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടേയും (96*) ബാറ്റിങാണ് അനായാസ ജയം സമ്മാനിച്ചത്. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, കേദാര്‍ ജാദവ് എന്നിവരുടെ ബൗളിങാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന് തടുത്തത്.ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിങിനയച്ച ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. സൗമ്യ സര്‍ക്കാരും തമിം ഇക്ബാലും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം ഇന്ത്യക്കെതിരേ ആവര്‍ത്തിക്കാനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും സൗമ്യ സര്‍ക്കാര്‍(0) കൂടാരം കയറി. ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ പന്തില്‍ സൗമ്യ സര്‍ക്കാര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ രണ്ടാമന്‍ സാബിര്‍ റഹ്മാന്‍(19) ബാറ്റ് വീശിയതോടെ ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡിന് ജീവന്‍വെച്ചു. 21 പന്തില്‍   19 റണ്‍സെടുത്ത സാബിര്‍ റഹ്മാനെ ഭുവനേശ്വര്‍ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ തമിം ഇക്ബാലും മുഷ്ഫിഖര്‍ റഹീമും ചേര്‍ന്ന് പുതു ജീവന്‍ നല്‍കി. ഇരുവരും 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ബംഗ്ലാദേശ് 300 കടക്കുമെന്ന് തോന്നിച്ചു. കൂട്ടുകെട്ട് പൊളിച്ച് കേദാര്‍ യാദവ് ഇന്ത്യയെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 82 പന്തില്‍ 70 റണ്‍സെടുത്ത തമിം ജാദവിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. മികച്ച രീതിയില്‍ ബാറ്റുവീശിയ മുഷ്ഫിഖറും(61) ജാദവിന് മുന്നില്‍ വീണതോടെ ബംഗ്ലാദേശ് തകര്‍ച്ച വേഗത്തിലായി. മധ്യനിരയില്‍ മഹമ്മൂദുല്ലയും(21) മൊസതാക്ക് ഹൊസൈനും(15) തിളങ്ങാതെ പോയെങ്കിലും മഷ്‌റഫെ മൊര്‍ത്താസയുടെ(30*) വെടിക്കെട്ട് ബംഗ്ലാദേശിനെ 264 എന്ന സ്‌കോറിലേക്കെത്തിക്കുകയായിരുന്നു.265 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യ അനായാസ ജയം പിടിച്ചെടുത്തു. പതിവാവര്‍ത്തിച്ച് രോഹിത് ശര്‍മയും ശിഖാര്‍ ധവാനും(46) കത്തിക്കയറി. 34 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും സഹിതം 46 റണ്‍സെടുത്ത ധവാന്‍ മൊര്‍ത്താസയ്ക്ക് മുന്നില്‍ വീണെങ്കിലും രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന കോഹ്‌ലിയും രോഹിതും കൂടുതല്‍ നഷ്ടം വരുത്താതെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 129 പന്തില്‍ 15 ഫോറും ഒരു സിക്‌സറും സഹിതമാണ് രോഹിത് തന്റെ 11ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കോഹ്‌ലി 78 പന്തില്‍ 13 ഫോറുകള്‍ പറത്തിയാണ് 96 റണ്‍സ് നേടിയത്. ഇതോടെ കോഹ്‌ലി 8000 ഏകദിന റണ്‍സും സ്വന്തമാക്കി. കോഹ്‌ലിയും രോഹിതും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 178 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
Next Story

RELATED STORIES

Share it