Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് ജയം; പാകിസ്താന്‍ സെമിയില്‍



കാര്‍ഡിഫ്: പാകിസ്താന്റെ പേസ് പടയ്ക്ക് മുന്നില്‍ ശ്രീലങ്കയുടെ യുവ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ മൂന്ന് വിക്കറ്റ് ജയത്തോടെ പാക് പട സെമിയില്‍. കാര്‍ഡിഫ് മൈതാനത്ത് പാക് ബൗളര്‍മാരുടെ തീപാറും പന്തുകള്‍ ശ്രീലങ്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചപ്പോള്‍ 49.2 ഓവറില്‍ 236 റണ്‍സിന് ശ്രീലങ്ക കൂടാരം കയറി. മറുപടി ബാറ്റിങില്‍ 31 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് ബാക്കി നിര്‍ത്തി പാകിസ്താന്‍ വിജയലക്ഷ്യം മറികടന്നു. അതോടെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ അവസാന നാലില്‍ പാകിസ്താനും ഇടംനേടി. ആതിഥേയരായ ഇംഗ്ലണ്ടാണ് സെമിയില്‍ പാകിസ്താന്റെ എതിരാളികള്‍. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജുനൈദ് ഖാന്റെയും ഹസന്‍ അലിയുടേയും ബൗളിങ് പ്രകടനമാണ് ശ്രീലങ്കയുടെ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. ബാറ്റിങ് നിരയില്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദും (61*) ഫഖാര്‍ സമാനും(50) അര്‍ധസെഞ്ച്വറി നേടിയതോടെ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു. പാകിസ്താന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ സന്ദര്‍ഭത്തില്‍ ആറാമനായി ക്രീസിലെത്തി, 79 പന്തില്‍ അഞ്ച് ബൗണ്ടറികളുമായി 61 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സര്‍ഫ്രാസ് തന്നെയാണ് കളിയിലെ താരം. എട്ടാം വിക്കറ്റില്‍ സര്‍ഫ്രാസിന് കൂട്ടായി മൊഹമ്മദ് അമിറും(28*) ബാറ്റ് വീശിയതോടെ പാകിസ്താന്‍ ജയം എളുപ്പത്തിലാവുകയായിരുന്നു. ഇടയ്ക്ക്് ലസിത് മലിംഗയുടെ പന്തില്‍ തിസാര പെരേരയും ലക്മലിന്റെ പന്തില്‍ ഗുണതിലകയും സര്‍ഫ്രാസിന്റെ ക്യാച്ച് പാഴാക്കിയത് പാക് ഇന്നിങ്‌സില്‍ വഴിത്തിരിവാവുകയായിരുന്നു. ഓപണിങില്‍ അസ്ഹര്‍ അലി(34)- ഫഖര്‍ സമാന്‍ (50) കൂട്ടുകെട്ടും പാക് ജയത്തിന് തുണയേകി. ബാബര്‍ അസം (10), മൊഹമ്മദ് ഹഫീസ് (1), ശുഐബ് മാലിക് (11), ഇമാദ് വാസിം (4), ഫഹിം അഷ്‌റഫ് (15) എന്നിവരുടെ വിക്കറ്റുകളാണ് പാക് നിരയില്‍ നഷ്ടമായത്. ശ്രീലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ലസിത് മലിംഗ, സുരംഗ ലക്മല്‍, തിസാര പെരേര എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയക്കാനുള്ള പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു പാക് നിരയുടെ ബൗളിങ് പ്രകടനം. ശ്രീലങ്കന്‍ ഓപണിങില്‍ നിരോഷന്‍ ഡിക്‌വെല്ല(73) അര്‍ധ സെഞ്ച്വറി നേടിയതല്ലാതെ മറ്റാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. മികച്ച ഷോട്ടുകളോടെ തുടങ്ങിയ ശ്രീലങ്കന്‍ ഓപണര്‍മാരയ ഡിക്‌വെല്ലയും ധനുഷ്‌ക ഗുണതിലകയും(13) ശ്രീലങ്കയ്ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും അത് ഏറെ നേരത്തേക്ക് നീണ്ടുനിന്നില്ല. ജുനൈദ് ഖാന്റെ പന്തില്‍ ആറാം ഓവറില്‍ ഗുണതിലക മടങ്ങി. മൂന്നാമനായി എത്തി നിലയുറപ്പിക്കാന്‍ ശ്രമിച്ച മെന്‍ഡിസിനെ (27) ഹസന്‍ അലി മടക്കി. പിന്നീട് പ്രതീക്ഷയേകിയ പ്രകടനം പുറത്തെടുക്കാ്ന്‍ സാധിച്ചത് എയ്ഞ്ചല്‍ മാത്യൂസിന്(39) മാത്രമായിരുന്നു. മൊഹമ്മദ് അമിറിന്റെ പന്തില്‍ ക്യാപ്റ്റനും മടങ്ങിയതോടെ ശ്രീലങ്കന്‍ സ്‌കോര്‍ ബോര്‍ഡ് മന്ദഗതിയിലായി. ദിനേഷ് ചന്ദിമല്‍ (0), ദനഞ്ജയ ഡി സില്‍വ (1), അസേല ഗുണരത്‌നെ (27), തിസാര പെരേര (1), സുരംഗ ലക്മല്‍(26), നുവാന്‍ പ്രദീപ് (1) എന്നിവരൊക്കെ പാക് പന്തിന്റെ വേഗതയ്ക്ക് മുന്നില്‍ തളര്‍ന്ന് വീണപ്പോള്‍ 49.2 ഓവറില്‍ 236 റണ്‍സ് കണ്ടെത്താനെ സിംഹളര്‍ക്ക് സാധിച്ചുള്ളൂ. മലിംഗ (9*) പുറത്താവാതെ നിന്നു.
Next Story

RELATED STORIES

Share it