Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 ; മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 322



ലണ്ടന്‍: കെന്നിങ്ടണ്‍ ഓവലിലെ പുല്‍മൈതാനിയില്‍ വേട്ടക്കിറങ്ങിയ ഇന്ത്യയെ ശ്രീലങ്കന്‍ സിംഹളര്‍ അടിച്ചുവീഴ്ത്തി. ശിഖാര്‍ ധവാന്‍ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച ഇന്ത്യന്‍ സ്‌കോറിനെ എട്ട് പന്ത് അവശേഷിക്കെ ശ്രീലങ്ക മറികടന്നപ്പോള്‍ ഏഴ് വിക്കറ്റ് ജയം സിംഹളര്‍ക്ക് സ്വന്തം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയാക്കി ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഏഴ് വിക്കറ്റ് അവശേഷിക്കെ 48.4 ഓവറില്‍ തന്നെ ശ്രീലങ്ക ലക്ഷ്യം മറികടന്നു. ബാറ്റേന്തിയവരെല്ലാം ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചതോടെ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത എയ്ഞ്ചലോ മാത്യൂസിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. 322 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയപ്പോള്‍ ലങ്കയ്ക്ക് വേണ്ടി ഓപണിങില്‍ നിരോഷന്‍ ഡിക്‌വെല്ല(7) തിളങ്ങിയില്ലെങ്കിലും മറുവശത്ത് ദനുഷ്‌ക ഗുണതിലക(76) അര്‍ധ സെഞ്ച്വറിയോടെ റണ്‍വേട്ടയ്ക്ക് തുടക്കമിട്ടു. രണ്ടാംവിക്കറ്റില്‍ യുവനിരയുടെ പുത്തന്‍ കരുത്തായ കുസാല്‍ മെന്‍ഡിസും(89) ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പറത്തി. ഗുണതിലകയും മെന്‍ഡിസും ചേര്‍ന്ന് 159 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് റോക്കറ്റ് വേഗം കൈവരിച്ചു. ഇരുവരും റണ്‍ഔട്ടില്‍ വീണപ്പോള്‍ പിന്നാലെ എത്തിയ കുസാല്‍ പെരേരയും(47) മോശമാക്കിയില്ല. പരിക്കിനെ തുടര്‍ന്ന് പെരേര കൂടാരം കയറുമ്പോഴും ക്രീസില്‍ നിലനിന്ന് നായകന്‍ എയ്ഞ്ചല്‍ മാത്യൂസ്(52*) തന്റെ കര്‍ത്തവ്യം ഭംഗിയാക്കി. സ്‌കോര്‍ ബോര്‍ഡ് കുതിച്ചുകയറവെ ആറാമനായി ക്രീസിലെത്തിയ അസേല ഗുണരത്‌നയ്ക്ക് (34*) പിന്നീട് വിജയതീരത്തേക്ക് അടുപ്പിക്കുക എന്ന ഉത്തരവാദിത്വമേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളൂ. മാത്യൂസ്- ഗുണരത്‌നെ കൂട്ടുകെട്ട്് അനായാസം ലക്ഷ്യം പിടിച്ചടക്കിയതോടെ മുന്‍ ചാംപ്യന്മാര്‍ക്ക് തല കുനിച്ച് മടങ്ങാനായിരുന്നു വിധി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് വീഴ്്ത്തി. നേരത്തെ, വിമര്‍ശനങ്ങളെ അടിച്ചൊതുക്കിയ ശിഖാര്‍ ധവാന്റെ(125) മിന്നല്‍ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ(78), എം എസ് ധോണി(63) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകി. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സുരങ്ക ലക്മാല്‍, നുവാന്‍ പ്രദീപ്, തിസാര പെരേര, അസീല ഗുണരത്‌ന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. മികച്ച തുടക്കം ലഭിച്ച ഇന്ത്യയെ രോഹിത് ശര്‍മയും ധവാനും ചേര്‍ന്ന് 100കടത്തിയെങ്കിലും പിന്നാലെ രണ്ട് വിക്കറ്റുകള്‍ അതിവേഗം വീണു. ഓപണിങില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് 100ന് മുകളില്‍ സ്‌കോര്‍ സമ്മാനിക്കുന്നത് ഇത് 10ാം തവണയാണ്. സൗരവ് ഗാംഗുലിയും സചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്ന് ഇന്ത്യക്കുവേണ്ടി നേടിയ 12 സെഞ്ച്വറി കൂട്ടുകെട്ടാണ് ഇനി ധവാനും രോഹിതിനും മുകളിലുള്ളത്. നായകന്‍ കോഹ്‌ലിയും(0) യുവരാജ് സിങും(7) കൂടാരം കയറിയപ്പോള്‍ ധോണി പ്രതീക്ഷയേകി. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 33.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 179 എന്ന നിലയിലേക്കെത്തിയപ്പോള്‍ നാലാം വിക്കറ്റിലൊത്തുചേര്‍ന്ന ധോണിയും(63) ധവാനും ചേര്‍ന്ന് വീണ്ടും ഇന്ത്യക്ക് പുതു ജീവനേകുകയായിരുന്നു. മധ്യനിരയിലെ ഇന്ത്യയുടെ പുത്തന്‍ കണ്ടെത്തല്‍ ഹര്‍ദിക് പാണ്ഡ്യ (9) നിരാശപ്പെടുത്തുയെങ്കിലും പുറത്താവാതെ 25 റണ്‍സ് നേടി കേദാര്‍ ജാദവ് ഇന്ത്യയെ 321 റണ്‍സിലേക്കെത്തിച്ചു.
Next Story

RELATED STORIES

Share it