Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : കിവീസിന്റെ ചിറകരിഞ്ഞ് ഇംഗ്ലണ്ട്



കാര്‍ഡിഫ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 87 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ കിവീസിന്റെ പോരാട്ടം 44.3 ഓവറില്‍ 223 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.നാല് വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലക്കറ്റും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആദില്‍ റഷീദും ജേക്ക് ബെല്ലുമാണ് കിവീസിന്റെ ചിറകരിഞ്ഞത്. ജോയ് റൂട്ട്(64), അലെക്‌സ് ഹെയ്ല്‍സ്(56). ജോസ് ബട്‌ലര്‍(61*) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കുന്ന ജേസണ്‍ റോയിയും(13) ആലെക്‌സ് ഹെയ്ല്‍സും ഭേദപ്പെട്ട തുടക്കം തന്നെ ടീമിന് സമ്മാനിച്ചു. രണ്ടാമനായി ക്രീസിലെത്തിയ ജോയ് റൂട്ട് താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കുതിച്ചു. അര്‍ധ സെഞ്ച്വറി നേടിയതോടെ ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റിയ ഹെയ്ല്‍സ് മില്‍നിയെ സിക്‌സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ മില്‍നി വിക്കറ്റ് പിഴുതു. 62 പന്തിലാണ് ഹെയ്ല്‍സ് 56 റണ്‍സ് അടിച്ചെടുത്തത്. അപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 21 ഓവറില്‍ രണ്ട് വിക്കറ്റിന് 118 എന്ന മികച്ച നിലയിലായിരുന്നു.ട്രന്റ്് ബോള്‍ട്ടിനെ ബൗണ്ടറി കടത്തി അക്കൗണ്ട് തുറന്ന ഓയിന്‍ മോര്‍ഗന്‍ (13) പ്രതീക്ഷ നല്‍കിയെങ്കിലും കോറി ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. നാലാം വിക്കറ്റിലൊത്തുചേര്‍ന്ന ബെന്‍ സ്‌റ്റോക്‌സും(48) റൂട്ടും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങവേ റൂട്ടിനെ മടക്കി കോറി ആന്‍ഡേഴ്‌സണ്‍ കരുത്തുകാട്ടി. 64 റണ്‍സെടുത്ത റൂട്ട് ആന്‍ഡേഴ്‌സണ്് മുന്നില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. മധ്യനിരയില്‍ 48 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറുകളും സഹിതം 61 റണ്‍സുമായി ബട്‌ലര്‍ പുറത്താവാതെ നിന്നു. എന്നാല്‍ മോയിന്‍ അലിക്ക്(12), ആദില്‍ റഷീദ് (12), ലിയാം പ്ലക്കറ്റ്(15), മാര്‍ക്ക് വുഡ്(0), ജേക്ക് ബെല്‍(0) എന്നിവരും കാര്യമായ സംഭാവന ചെയ്യാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തി 310 റണ്‍സില്‍ കൂടാരം കയറി.ന്യൂസിലന്‍ഡിന് വേണ്ടി ആദം മില്‍നിയും കോറി ആന്‍ഡേഴ്‌സനും മൂന്ന് വിക്കറ്റും സ്വന്തമാക്കി. ടിം സൗത്തി രണ്ടും ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റെര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.കിവീസ് നിരയില്‍ കെയ്ന്‍ വില്യംസണ്‍(87) അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. റോസ് ടെയ്‌ലര്‍(39), മാര്‍ട്ടിന്‍ ഗുപ്റ്റില്‍(27) എന്നിവരാണ് കിവീസ് നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. ബെന്‍ സ്‌റ്റോക്‌സ് മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
Next Story

RELATED STORIES

Share it