Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : പാകിസ്താന് തോല്‍വിത്തുടക്കം ; മഴയ്ക്കും മീതെ ഇന്ത്യ



ലണ്ടന്‍: ആവേശത്തിനും ആരവത്തിനും ഒടുവില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് ആഘോഷ ജയം. മഴനിയമപ്രകാരം 124 റണ്‍സിനാണ് ചിരവൈരികളായ പാകിസ്താനെ ഇന്ത്യ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. എന്നാല്‍ മഴ വില്ലനായപ്പോള്‍ പാകിസ്താന്റെ വിജയ ലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ പാകിസ്താന്റെ പോരാട്ടം 33.4 ഓവറില്‍ 164 റണ്‍സില്‍ അവസാനിച്ചു.ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള പാക് നായകന്‍ സര്‍ഫറാസ് ഖാന്റെ തീരുമാനത്തെ തെറ്റിക്കുന്ന പ്രകടനമാണ് ധവാനും(68) രോഹിതും (91) ചേര്‍ന്ന് ഇന്ത്യക്കു സമ്മാനിച്ചത്. മുഹമ്മദ് അമീറിന്റെ ആദ്യ സ്‌പെല്ലില്‍ കരുതലോടെ ബാറ്റ് വീശി പതിയെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ച ശേഷം തല്ലിതകര്‍ത്തു. ധവാന്‍ കൂടുതല്‍ ആക്രമകാരിയായി മുന്നേറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം കുതിച്ചു. 65 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും പറത്തി 68 റണ്‍സെടുത്ത ധവാനെ ഷദാബ് ഖാന്‍ പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 24.3 ഓവറില്‍ ഒരു വിക്കറ്റിന് 136 എന്ന മികച്ച നിലയിലായിരുന്നു. രണ്ടാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും താളം കണ്ടെത്തിയതോടെ പാകിസ്താന്‍ വലഞ്ഞു.  മികച്ച ഷോട്ടുകളുമായി സെഞ്ച്വറിയിലേക്ക് കുതിച്ച രോഹിത് ശര്‍മ ഭാഗ്യം കൈവിട്ടപ്പോള്‍ റണ്ണൗട്ടായി. 119 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും പറത്തി 91 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ദിനേഷ് കാര്‍ത്തികിന് പകരമെത്തിയ യുവരാജ് സിങ് പാക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. 32 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും പറത്തി കത്തിക്കയറിയ യുവരാജിനെ ഹസന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവസാന ഓവറില്‍ ഹര്‍ദിക് ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തിയതാണ് ഇന്ത്യയെ 300 കടത്തിയത്. പാക് നിരയില്‍ അസര്‍ അലി(50), മുഹമ്മദ് ഹഫീസ്(33) എന്നിവര്‍ക്ക് മാത്രമാണ് നേരിയ ചെറുത്ത് നില്‍പ്പെങ്കിലും നടത്തിയത്. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.
Next Story

RELATED STORIES

Share it