Flash News

ഐസിസി ഏകദിന റാങ്കിങ്‌ : കോഹ്‌ലിയും മിതാലിയും വീണ്ടും ഒന്നാമത്



ദുബയ്: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങിലെ പുരുഷ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വനിതകളില്‍ ഇന്ത്യയുടെ മിതാലി രാജും ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറിയടക്കം 263 റണ്‍സ് അടിച്ചതാണ് കോഹ്‌ലിയുടെ മുന്നേറ്റത്തിന് വഴിതുറന്നത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്‌ലിയുടെ മുന്നേറ്റം. 889 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ കോഹ്‌ലി ഏറ്റവും ഉയര്‍ന്ന പോയിന്റ് ലഭിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന ബഹുമതിയും സ്വന്തം പേരില്‍ കുറിച്ചു. 1998ല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ലഭിച്ച 887 പോയിന്റാണ് കോഹ്‌ലി തിരുത്തിയത്. ആസ്‌ത്രേലിയുടെ ഡേവിഡ് വാര്‍ണര്‍, പാകിസ്താന്റെ ബാബര്‍ അസം, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. രോഹിത് ശര്‍മ ഏഴാം സ്ഥാനത്തും എംഎസ് ധോണി 11ാം സ്ഥാനത്തുമാണുള്ളത്.അതേസമയം ആസ്‌ത്രേലിയയുടെ മെഗ് ലാനിങിനെ പിന്നിലാക്കിയാണ് മിതാലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വനിതാ ലോകകപ്പിന് ശേഷം പരിക്കിനെത്തുടര്‍ന്ന്  കളിക്കാന്‍ കഴിയാതിരുന്നതാണ് ലാനിങിന് തിരിച്ചടിയായത്. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബൂംറ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. കാണ്‍പൂരില്‍ നടന്ന മല്‍സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ബൂംറയുടെ മുന്നേറ്റത്തിന് സഹായിച്ചത്. അക്ഷര്‍ പട്ടേലാണ് (8) ആദ്യ 10ല്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ ബൗളര്‍. പാകിസ്താന്റ ഹസന്‍ അലി ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.
Next Story

RELATED STORIES

Share it