World

ഐസിസിയില്‍ നിന്ന് പിന്‍മാറാന്‍ ദുതര്‍ത്തെയുടെ ശ്രമം

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് ദുതര്‍ത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിക്കുന്നു. ദുതര്‍ത്തെയുടെ ലഹരിവേട്ട അന്താരാഷ്ട്ര കോടതി പരിശോധിക്കുന്നതിനിടയിലാണ് നീക്കം. ഇതുസംബന്ധിച്ച നോട്ടീസ് വൈകാതെ നല്‍കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. കരാറില്‍ നിന്ന് ഫിലിപ്പീന്‍സ് പിന്‍മാറുന്നതിനുള്ള സ്ഥിരീകരണമാണിതെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
ദുതര്‍ത്തെയുടെ അടിച്ചമര്‍ത്തലുകള്‍ ഏറെ വിവാദമായതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച പ്രാഥമിക പരിശോധന അടുത്തമാസം നടത്തുമെന്ന് ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറിയിച്ചിരുന്നു.
ഇതിനിടെയാണ് ഫിലിപ്പീന്‍സിന്റെ പിന്‍മാറാനുള്ള നീക്കം. ലഹരിക്കെതിരായ പദ്ധതിയില്‍ ലഹരി അടിമകളെന്ന് ആരോപിച്ച് 4000പേരെ കൊലപ്പെടുത്തിയതായി ഫിലിപ്പീന്‍സ് പോലിസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളുടെ മൂന്നിരട്ടിയോളം വരുമെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ഐസിസി നടപടികള്‍ക്ക് വിധേയമാവുന്ന ആദ്യത്തെ ഏഷ്യന്‍ നേതാവാണ് ദുതര്‍ത്തെ. 2002ലാണ് ഐസിസി സ്ഥാപിക്കുന്നത്. ആഭ്യന്തര കോടതികള്‍ക്കു നടത്താന്‍ സാധിക്കാത്തതും കോടതി ഏറ്റെടുക്കാത്തതുമായ  കേസുകള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലാണ് നടത്തുന്നത്. അന്താരാഷ്ട്ര കോടതിയെ ഫിലിപ്പീന്‍സിനെതിരായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതായി ദുതര്‍ത്തെ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it