ഐസിന്റെ തണുപ്പിന് ചൂടേറും; ബ്ലോക്കിന് 70 രൂപ

കോഴിക്കോട്: ഐസ് ഉല്‍പാദന മേഖലയിലുണ്ടായ പ്രതിസന്ധിമൂലം ജൂണ്‍ 15 മുതല്‍ ഐസ് ബ്ലോക്കിന്റെ വില വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ഐസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു ബ്ലോക്കിന് 70 രൂപയായാണ് വില വര്‍ധിപ്പിക്കുകയെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഇത് 60 മുതല്‍ 65 രൂപ വരെയാണ്. മത്സ്യലഭ്യത കുറഞ്ഞത് ഐസ് വിപണിയെയും ദോഷകരമായി ബാധിച്ചുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഉത്തമന്‍ പറഞ്ഞു. നിരോധിത വല ഉപയോഗിച്ച് മത്സ്യസമ്പത്ത് ഊറ്റിയെടുക്കുന്നതും ട്രോളിങ് നിരോധന കാലത്തും പുറംകടലിലെത്തുന്ന വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തുന്നതും പൂര്‍ണമായി തടയാനായിട്ടില്ല. ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുമെന്നതിനാല്‍ വിപണനമില്ലാത്ത ദിവസങ്ങളില്‍ പ്ലാന്റുകള്‍ അടച്ചിടാനാവാത്ത അവസ്ഥയാണ്. ഈ സമയത്തും പ്ലാന്‍ുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നതിനാല്‍ വൈദ്യുതി ബില്ലിലും വലിയ വര്‍ധനവാണുണ്ടാവുന്നത്.
നാല് വര്‍ഷം മുമ്പാണ് ഐസ് വില വര്‍ധിപ്പിച്ചത്. എന്നാല്‍ ഈ കാലയളവില്‍ വൈദ്യുതി, ഗ്യാസ്, ഓയില്‍, ജോലിക്കാരുടെ വേതനം എന്നിവയില്‍ വന്‍ വര്‍ധനവുണ്ടായി. സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയിലും വര്‍ധനവുണ്ടായ സാഹചര്യത്തില്‍ വ്യവസായം സ്തംഭിക്കുമെന്ന സാഹര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം കെ പ്രേമാനന്ദന്‍, എന്‍ രാജേന്ദ്രന്‍, നൗഫല്‍, പുരുഷോത്തമന്‍, ഹാഷിം സംബന്ധിച്ചു.
Next Story

RELATED STORIES

Share it