ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റാങ്ക്‌ലിസ്റ്റ് :അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് പിഎസ്‌സി അട്ടിമറിക്കുന്നു

തിരുവനന്തപുരം: ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റാങ്ക്‌ലിസ്റ്റിലെ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് പിഎസ്‌സിയും സാമൂഹികനീതി വകുപ്പും അട്ടിമറിക്കുന്നതായി പരാതി. വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിക്കാത്ത യോഗ്യതയുള്ളവരെക്കൂടി ഉള്‍പ്പെടുത്തി പിഎസ്‌സി പ്രസിദ്ധപ്പെടുത്തിയ റാങ്ക്‌ലിസ്റ്റിലെ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നവംബര്‍ 19ന് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍, ഇത് അട്ടിമറിച്ച് യോഗ്യതയില്ലാത്തവര്‍ക്ക് നിയമന ഓര്‍ഡര്‍ വരെ അയച്ചു കഴിഞ്ഞതായി ഐസിഡിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യഥാര്‍ഥ യോഗ്യതയുള്ളവരോട് കാട്ടുന്ന ഈ നീതിനിഷേധത്തിന് എതിരേ ഐസിഡിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് 2011ലാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്.വിജ്ഞാപനപ്രകാരം സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഹോം സയന്‍സ്, സൈക്കോളജി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയത്തില്‍ ബിരുദവും ബാലസേവിക പരിശീലന സര്‍ട്ടിഫിക്കറ്റ്, പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യതയായി പറഞ്ഞിരുന്നത്. എന്നാല്‍, ഈ പറഞ്ഞ അടിസ്ഥാന യോഗ്യത ഇല്ലാത്തവരും അതേസമയം ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള എംഎ സോഷ്യോളജിക്കാരും എംഎസ്ഡബ്ല്യുക്കാരും അപേക്ഷിച്ചിരുന്നു.
വിജ്ഞാപനത്തില്‍ പറയാത്ത ഇത്തരക്കാരെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ റാങ്ക് പട്ടിക പിഎസ്‌സി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സപ്ലിമെന്ററി പട്ടിക ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ അടങ്ങുന്ന റാങ്ക്‌ലിസ്റ്റില്‍ പകുതിയിലേറെയും  അനര്‍ഹരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിജ്ഞാപനത്തില്‍ പറയാത്ത അധിക യോഗ്യത അയോഗ്യതയാണെന്ന സുപ്രിംകോടതി ഉത്തരവും ഇവിടെ ലംഘിക്കപ്പെട്ടതായി അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.
ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. ഇക്കാര്യങ്ങളിലും നിയമന നടപടികളിലും സര്‍ക്കാര്‍ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനന്തതില്‍ ഭാരവാഹികളായ ടി എസ് സുരഭി, സി എ വിജി ചന്ദ്രന്‍ നായര്‍, എന്‍ ഷംനഖാന്‍, എസ് സിമ്മി, എസ് ആശ പങ്കെടുത്തു.
Next Story

RELATED STORIES

Share it