malappuram local

ഐശ്വര്യ നെയ്തല്ലൂര്‍ റോഡ് തകര്‍ന്നു; പ്രതിഷേധവുമായി യുഡിഎഫ്‌

പൊന്നാനി: ഐശ്വര്യ നെയ്തല്ലൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചും കൂട്ടായ്മയും സംഘടിപ്പിച്ചു.സ്ത്രീകളടക്കമുള്ളവരാണു പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കഴിഞ്ഞ നാലുവര്‍ഷമായി തകര്‍ന്നു ഗതാഗതം ദുസ്സഹമായി മാറിയ ഐശ്വര്യ പോത്തനൂര്‍ റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും റോഡിനായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടുമാ ണു സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടും ടെണ്ടര്‍ നടപടിയോ പ്രവര്‍ത്തന നടപടിയോ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്തു 2.5 കിലോമീറ്റര്‍ ദൂരപരിധിയുള്ള റോഡിന്റെ അറ്റകുറ്റപണിക്കായി 20 ലക്ഷം രൂപ അനുവദിച്ചിട്ട് 500 മീറ്റര്‍ മാത്രമാണു നിലവിലെ ഭരണ സമിതി ടാറിങ് നടത്തിയതെന്നാണ് ആരോപണം. ഇതു മൂലം അത്താണി മുതല്‍ നഗരസഭാ അതിര്‍ത്തിയായ പോത്തനൂര്‍ വരെയുള്ള ഭാഗം തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്.
എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് അടിയന്തരമായി റോഡ് നവീകരണം നടത്തിയില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നു പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. സമരം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.എം പി കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുള്‍ ജബ്ബാര്‍,അബൂ കാളമ്മല്‍,വി പി ഹുസൈന്‍കോയ തങ്ങള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it