ഐലന്‍ കുര്‍ദിയുടെ മരണം: രണ്ടു സിറിയക്കാര്‍ക്ക് നാലു വര്‍ഷം തടവ്

അങ്കാറ: ലോകത്തിന്റെ വേദനയായി മാറിയ ഐലന്‍ കുര്‍ദിയെന്ന സിറിയന്‍ അഭയാര്‍ഥി ബാലന്റെയും മറ്റു നാലു പേരുടെയും മരണവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടു സിറിയക്കാരെ തുര്‍ക്കി കോടതി നാലു വര്‍ഷം തടവിനു ശിക്ഷിച്ചു. മുഫാവാക്ക അലബാഷ്, അസിം അല്‍ഫര്‍ഹദ് എന്നിവരെയാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരാണെന്നു കണ്ടു ശിക്ഷിച്ചത്.
തുര്‍ക്കി തീരത്ത് മരിച്ചുകിടന്ന ഐലന്റെ ചിത്രം അഭയാര്‍ഥി പ്രതിസന്ധിയിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടിരുന്നു. തുര്‍ക്കിയില്‍നിന്നു ഗ്രീക്ക് ദ്വീപായ കോസിലേക്ക് പോവുന്നതിനിടെയാണ് അപകടം. ഐലനും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു. അപകടത്തില്‍ ഐലന്റെ അഞ്ചു വയസ്സുകാരന്‍ സഹോദരന്‍ ഗാലിബും മാതാവ് റിഹാനും മരിച്ചിരുന്നു. രക്ഷപ്പെട്ട പിതാവ് ഇപ്പോള്‍ ഇറാഖിലാണ് കഴിയുന്നത്.
ഐലന്റെ മൃതദേഹം തുര്‍ക്കി തീരത്തടിയുമ്പോള്‍ അലബാഷും അല്‍ഫര്‍ഹദും സുരക്ഷിതമായി കരപറ്റിയിരുന്നു. 35 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇരുവര്‍ക്കുമെതിരേ ചുമത്തിയിരുന്നത്. അതിനിടെ അഭയാര്‍ഥി പ്രതിസന്ധി പരിഹാരം കാണുന്നതിന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it