Idukki local

ഐപിഎസ് ഓഫിസറെന്ന പേരില്‍ ഫേസ് ബുക്കിലൂടെ തട്ടിപ്പ്‌ : യുവാവും കൂട്ടാളികളും അറസ്റ്റില്‍



തൊടുപുഴ: ഐപിഎസ് ഓഫിസറുടെ വ്യാജ പ്രൊഫൈ ല്‍ ഫേസ് ബുക്കില്‍ നിര്‍മിച്ച് യുവതികളെ വലയിലാക്കി ലക്ഷങ്ങള്‍ തട്ടുകയും നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവും രണ്ട് സഹായികളും പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ ചീങ്കല്‍ത്തടം മൈലപ്ര എബിനേറ്റ്‌സര്‍ ഹോമില്‍ പ്രിന്‍സ് ജോണ്‍(24), മുണ്ടക്കോട്ടക്കല്‍ വലിയകാലായില്‍ ജിബിന്‍ ജോര്‍ജ്(26), മണ്ണാര്‍കുളഞ്ഞി പാലമൂട്ടില്‍ ലിജോ മോനച്ചന്‍ (26) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന്റെ പ്രത്യേക സക്വാഡ് അറസ്റ്റ് ചെയ്തത്. പ്രിന്‍സ് ജോണാണ് സംഭവത്തിലെ സൂത്രധാരന്‍. സ്ത്രീകളെ വലയിലാക്കാനായി പ്രിന്‍സിന്റെ സഹോദരിയെന്ന വ്യാജേന ചാറ്റിംഗ് നടത്തിയ സ്ത്രീയെ പോലിസ് തിരയുന്നു. ഇയാളുടെ സുഹൃത്താണെന്ന പേരില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വ്യാജ പ്രൊഫൈലും ഇയാള്‍ നിര്‍മിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമുളള യുവതികളും വനിതാ ഡോക്ടര്‍മാരും വീട്ടമ്മമാരും അടക്കം 150ഓളം സ്ത്രീകളെ ഇവര്‍ വലയിലാക്കിയതായി ജില്ലാ പോലിസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. 65000 രൂപ മുതല്‍ 15000 രൂപ വരെ പ്രിന്‍സ് കൈക്കലാക്കി. കൂട്ടാളിയായ യുവതിയെ ഉപയോഗിച്ച് കുര്യാക്കോസ് എന്നയാളില്‍ നിന്നും 15000 രൂപ തട്ടിയെടുത്തു.തട്ടിപ്പ് ബോധ്യപ്പെട്ട കട്ടപ്പന സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഫേസ് ബുക്ക് വഴി തട്ടിപ്പു നടത്തിയതിന് മുമ്പ് പ്രിന്‍സ് എട്ടു മാസം ജയിലില്‍ കിടന്നിട്ടുണ്ട്. ജോബി തോമസ് എന്ന പേരിലാണ് ഇയാള്‍ ഐ പി എസ് ഓഫീസറുടെ വ്യാജ പ്രൊഫൈ ല്‍ സൃഷ്ടിച്ചത്. ഇതേ പേരിലുളള മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. പഞ്ചാബി റെസ് ലിംഗ് താരം ഇര്‍ഷാദ് അലി സുബൈറിന്റെ ചിത്രമാണ് പ്രിന്‍സ് പ്രൊഫൈലില്‍ നല്‍കിയിരുന്നത്. ചാറ്റിംഗ് വഴി സ്ത്രീകളുമായി അതീവ വിരുതോടെ ആരംഭിക്കുന്ന സൗഹൃദം പിന്നീട് പ്രണയമായി വളര്‍ത്തും. ഉടന്‍ വിവാഹം നടത്താമെന്ന് ഉറപ്പുകൊടുക്കും.വിശ്വാസ്യത വരുത്താനായി ഇയാളുടെ സഹോദരിയാണെന്നും കോട്ടയം മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ഥിനിയാണെന്നും പറഞ്ഞ് ഡോ. ഡി എസ് പ്രിയ എന്ന സ്ത്രീശബ്ദം രംഗത്തെത്തും. വിവാഹവാഗ്ദാനം ഇരകളെ വിശ്വസിപ്പിച്ച ശേഷം വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുകയാണെന്നും അവര്‍ തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും പറഞ്ഞ് പണം ആവശ്യപ്പെടും.ജയിലില്‍ വെച്ച് പരിചയപ്പെട്ട സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയക്കുന്ന പണം അയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പിന്‍വലിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ചുമതലക്കാരനാണെന്ന് പറഞ്ഞ് ഇതിനായി വ്യാജ ഐഡി കാര്‍ഡുണ്ടാക്കി സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തിരുന്നു. മഹാരാജാസ് കോളജില്‍ ആയുധം കണ്ടെടുത്ത കേസിന്റെ അന്വേഷണ ചുമതല തനിക്കാണെന്നറിയിക്കാന്‍ വ്യാജ ടി വി വാര്‍ത്തയുടെ ഓഡിയോ ക്ലിപിംഗും ഉണ്ടാക്കി. പലരില്‍ നിന്നായി തട്ടിയെടുത്ത രണ്ടു ലക്ഷത്തോളം രൂപ സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ ആ ള്‍മാറാട്ടം, തട്ടിപ്പ് വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കും. കട്ടപ്പന സി ഐ അനില്‍കുമാര്‍ വി, എസ് ഐ ജോബിന്‍ തോമസ്, എ എസ് ഐമാരായ സജിമോന്‍, തങ്കച്ചന്‍, സി പി ഒ സുബൈര്‍, സതീഷ്, ബേസില്‍ ഐസക്ക് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പത്തനംതിട്ടയില്‍ നിന്നും സംഘത്തെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it