Sports

ഐപിഎല്‍: സൂര്യാഘാതത്തില്‍ രാജാക്കന്‍മാരും വാടി

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് അഞ്ച് വിക്കറ്റിന് മുന്‍ റണ്ണേഴ്‌സപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ സണ്‍റൈസേഴ്‌സിന്റെ ഹാട്രിക്ക് ജയം കൂടിയാണിത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് പഞ്ചാബിന്റെ നാലാം തോല്‍വിയാണ് ഇന്നലത്തേത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 143 റണ്‍സെടുത്തു. 34 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 40 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ പുറത്താവാതെ 17 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 36 റണ്‍സെടുത്തു. മനന്‍ വോഹ്‌റ 25 (23 പന്ത്, മൂന്ന് ഫോര്‍, ഒരു സിക്‌സര്‍), നിഖില്‍ നായ്ക് 22 (28 പന്ത്, ഒരു ഫോര്‍) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
സണ്‍റൈസേഴ്‌സിനു വേണ്ടി മുസ്തഫിസുര്‍ റഹ് മാനും മോയ്‌സസ് ഹെന്റിക്വസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് നേടി.
മറുപടിയില്‍ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (59) ഓപണര്‍ ശിഖര്‍ ധവാനും (45) ഒരിക്കല്‍ കൂടി സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പ്പികളായി. 31 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് വാര്‍ണറിന്റെ ഇന്നിങ്‌സ്. 44 പന്ത് നേരിട്ട ധവാന്‍ നാല് ബൗണ്ടറി നേടി.
ഇയാന്‍ മോര്‍ഗന്‍ 20 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 25 റണ്‍സെടുത്തു.
Next Story

RELATED STORIES

Share it