Sports

ഐപിഎല്‍: വീണ്ടും സിംഹ വീര്യം

രാജ്‌കോട്ട്: കന്നി ട്വന്റി സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (100*) മിന്നിയിട്ടും സിംഹക്കൂട്ടത്തിന്റെ കടന്നാക്രമണത്തില്‍ ബാംഗ്ലൂര്‍ വീണു. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനു മുന്നിലാണ് കോഹ്‌ലിയുടെ ഉജ്ജ്വല ഇന്നിങ്‌സ് പാഴായത്. ഗുജറാത്തിന്റെ സിംഹക്കൂട്ടം ആറ് വിക്കറ്റിനാണ് ബാംഗ്ലൂരിനെ കീഴടക്കിയത്. ടൂര്‍ണമെന്റില്‍ ഗുജറാത്തിന്റെ നാലാം ജയവും ബാംഗ്ലൂരിന്റെ മൂന്നാം തോല്‍വിയുമാണിത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കോഹ്‌ലിയുടെ മാസ്മരിക ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റിന് 180 റണ്‍സ് അടിച്ചെടുത്തു. 63 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് കോഹ് ലിയുടെ ഇന്നിങ്‌സ്. ട്വന്റിയില്‍ ഇത് ആദ്യമായാണ് താരം മൂന്നക്കം കണ്ടെത്തുന്നത്. ലോകേഷ് രാഹുല്‍ (51*), എബി ഡിവില്ലിയേഴ്‌സ് (20) എന്നിവരും ബാംഗ്ലൂരിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 35 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്.ഗുജറാത്തിനു വേണ്ടി ധവാല്‍ കുല്‍ക്കര്‍ണിയും പ്രവീണ്‍ താംബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ ഓപണര്‍മാരായ ഡ്വയ്ന്‍ സ്മിത്തും ബ്രണ്ടന്‍ മക്കുല്ലവും ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. പിന്നീട് വന്നവരെല്ലാം വിജയത്തിനായി നന്നായി പൊരുതിയതോടെ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യംകണ്ടു. ദിനേഷ് കാര്‍ത്തിക് (50*), മക്കുല്ലം (42), ഡ്വയ്ന്‍ സ്മിത്ത് (32), ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (28) എന്നിവരുടെ മികച്ച ബാറ്റിങാണ് ഗുജറാത്ത് വിജയത്തിന് അടിത്തറയിട്ടത്.
39 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് കാര്‍ത്തികിന്റെ ഇന്നിങ്‌സ്. 24 പന്ത് നേരിട്ട മക്കുല്ലം അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചു. 21 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. റെയ്‌ന 24 പന്തില്‍ നിന്ന് ബൗണ്ടറിയടിച്ചു. രവീന്ദ്ര ജഡേജ (12), ഡ്വയ്ന്‍ ബ്രാവോ (4*) എന്നിവരും ടീമിന്റെ വിജയത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.
ബാംഗ്ലൂരിനു വേണ്ടി യുസ് വേന്ദ്ര ചഹാല്‍, കെയ്ന്‍ റിചാര്‍ഡ്‌സന്‍, ഷെയ്ന്‍ വാട്‌സന്‍, ടബ്‌രീസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it