Flash News

ഐപിഎല്‍ : മുംബൈ ധമാക്കാ



ഇന്‍ഡോര്‍: ആയിരം അംലയ്ക്ക് അര ബട്‌ലര്‍ എന്ന് പഞ്ഞാല്‍ അതൊരു തെറ്റാകില്ല. കാരണം സ്വന്തം മൈതാനത്ത് ഹാംഷിം അംല(104) അടിച്ചെടുത്ത സെഞ്ച്വറിയെ നിര്‍വീര്യമാക്കുന്ന പ്രകടനമാണ് ജോസ് ബട്‌ലറും നിധീഷ് റാണയും പുറത്തെടുത്തത്. ഇന്‍ഡോറിലെ മൈതാനത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് അടിച്ചെടുത്തപ്പോള്‍ വെറും 15.3 പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മുംബൈ വിജയം കൈപ്പിടിയിലൊതുക്കി. ജോസ് ബട്‌ലറുടേയും(77) നിധീഷ് റാണയുടേയും(62*) അര്‍ധ സെഞ്ച്വറിയാണ് അനായാസ ജയം സമ്മാനിച്ചത്. പാര്‍ഥിവ് പട്ടേലും(37) മുംബൈയ്ക്കുവേണ്ടി കരുത്തുറ്റ പ്രകടനമാണ് പുറത്തെടുത്തത്. ടോസ് ലഭിച്ച് ഫീല്‍ഡ് ചെയ്യാനാണ് മുംബൈ തീരുമാനിച്ചത്. മികച്ച ഫോമില്‍ കളിക്കുന്ന മനാന്‍ വോറയെ പുറത്തിരുത്തി പകരം ഷോണ്‍ മാര്‍ഷിന് അവസരം നല്‍കിയാണ് പഞ്ചാബ് മുംബൈയ്‌ക്കെതിരേ ഇറങ്ങിയത്. മികച്ച തുടക്കത്തെ മുതലെടുത്ത്  മാക്‌സ്‌വെല്ലും അംലയും ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ തല്ലിതകര്‍ത്തു. 18 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 40 റണ്‍സെടുത്ത മാക്‌സ്‌വെല്‍ ജസ്പ്രീത് ബൂംറയ്ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 എന്ന മികച്ച നിലയിലായിരുന്നു.മാക്‌സ്‌വെല്‍ മടങ്ങിയതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അംല അവസാന ഓവറില്‍ ലസിത് മലിംഗയെ തുര്‍ച്ചയായി രണ്ട് സിക്‌സറുകളില്‍ പറത്തിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 60 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സറും അടങ്ങിയ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അംല ഇന്‍ഡോറില്‍ കാഴ്ചവച്ചത്.  37 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 77 റണ്‍സെടുത്ത ബട്‌ലര്‍ കളിക്കളം കൈയ്യടക്കിയതോടെ മല്‍സരം അനായാസം മുംബൈയ്‌ക്കൊപ്പം നിന്നു. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയുടെ തലപ്പത്തെത്തി.
Next Story

RELATED STORIES

Share it