ഐപിഎല്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്കു മാറ്റണം: കോടതി

മുംബൈ: ഗുരുതരമായ വരള്‍ച്ച കണക്കിലെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരം മഹാരാഷ്ട്രയില്‍ നിന്നു ജലക്ഷാമമില്ലാത്ത മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ബോംബെ ഹൈക്കോടതി.
ക്രിക്കറ്റ് മല്‍സരത്തിന് വെള്ളം പാഴാക്കുന്നതിനെതിരേ ലോകസത്ത മൂവ്‌മെന്റ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വി എം കനഡെ, എം എസ് കാര്‍നിക് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ബിസിസിഐയോടും ക്രിക്കറ്റ് അസോസിയേഷനുകളോടും മല്‍സരം മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇത്തരം കാര്യങ്ങള്‍ക്ക് വെള്ളം പാഴാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വെള്ളം പാഴാക്കാന്‍ നിങ്ങള്‍ക്കെങ്ങനെയാണ് സാധിക്കുന്നത്? മനുഷ്യനാണോ ഐപിഎ ല്‍ മല്‍സരമാണോ കൂടുതല്‍ പ്രധാനം, ഇങ്ങനെയാരെങ്കിലും ജലം പാഴാക്കുമോ, മഹാരാഷ്ട്രയിലെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ?- കോടതി ചോദിച്ചു.
പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനു മുമ്പ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, മുബൈയിലേയും നാഗ്പൂരിലേയും തദ്ദേശ സ്ഥാപനങ്ങള്‍ അടക്കമുള്ളവരുടെ പ്രതികരണം ആരാഞ്ഞിരുന്നു.
ക്രിക്കറ്റ് മല്‍സരത്തിനു വേണ്ടി സംസ്ഥാനത്തെ മൂന്ന് സ്റ്റേഡിയങ്ങളിലെ ക്രിക്കറ്റ് പിച്ച് പരിപാലനത്തിന് 60 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കേണ്ടിവരുമെന്ന് ഹരജിയി ല്‍ ബോധിപ്പിച്ചിരുന്നു. ഏഴു മല്‍സരങ്ങള്‍ നടക്കുന്ന വാംഖഡെ സ്റ്റേഡിയത്തില്‍ 40 ലക്ഷം വെള്ളം വേണമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാ ക്രിക്കറ്റ് മല്‍സരങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ഇന്ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
വാങ്കഡെ സ്റ്റേഡിയത്തിലേക്ക് കുടിവെള്ളം മാത്രമെ വിതരണം ചെയ്യുന്നുള്ളുവെന്ന് ബിഹാര്‍, മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കുടിക്കാന്‍ ഉപയോഗിക്കാത്ത വെള്ളമാണ് പിച്ചിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയെ ബോധിപ്പിച്ചു. വരള്‍ച്ച നേരിടാന്‍ അസോസിയേഷന്‍ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it