Sports

ഐപിഎല്‍: പഞ്ചാബിന് ആദ്യ ജയം

മൊഹാലി: സ്വന്തം തട്ടകമായ മൊഹാലിയില്‍ മോഹിച്ച വിജയം സ്വന്തമാക്കി പഞ്ചാബിന്റെ രാജാക്കന്‍മാര്‍ അക്കൗണ്ട് തുറന്നു. ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തരായ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനെയാണ് മുന്‍ റണ്ണേഴ്‌സപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെടുത്തിയത്. ആവേശകരമായ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് കരസ്ഥമാക്കിയത്.
സീസണില്‍ പഞ്ചാബിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. നേരത്തെ ആദ്യ രണ്ടു മല്‍സരങ്ങളിലും പഞ്ചാബ് തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍, മഹേന്ദ്രസിങ് ധോണി നയിക്കുന്ന പൂനെയുടെ രണ്ടാം തോല്‍വിയാണിത്. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ധോണിപ്പടയ്ക്കു നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 152 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തു. 53 പന്തില്‍ എട്ട് ബൗണ്ടറിയോടെ 67 റണ്‍സെടുത്ത ഓപണര്‍ ഫഫ് ഡുപ്ലെസ്സിസാണ് പൂനെയുടെ ടോപ്‌സ്‌കോറര്‍. ഡുപ്ലെസ്സിസിനു പുറമേ സ്റ്റീവന്‍ സ്മിത്തിനും (38) കെവിന്‍ പീറ്റേഴ്‌സനും (15) മാത്രമാണ് പൂനെ നിരയില്‍ രണ്ടക്കം കടന്നത്.
26 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ധോണിക്ക് ഒരു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പഞ്ചാബിനു വേണ്ടി മോഹിത് ശര്‍മ മൂന്നും സന്ദീപ് ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. കെയ്ല്‍ അബോട്ടിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിയില്‍ ഓപണര്‍മാരായ മുരളി വിജയിയും (53) മനന്‍ വോഹ്‌റയും (51) ചേര്‍ന്ന് 97 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍, 22 റണ്‍സ് കൂടി ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായതോടെ പഞ്ചാബ് സമ്മര്‍ദ്ദത്തിലാവുമെന്ന് ഏവരും കരുതിയിരിക്കേയാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വരവ്. തുടക്കം മുതല്‍ എതിര്‍ ബൗളര്‍മാര്‍ക്കു മേല്‍ കത്തികയറിയ മാക്‌സ്‌വെല്‍ പുറത്താവാതെ 14 പന്തില്‍ നിന്ന് 32 റണ്‍സ് അടിച്ചെടുത്തതോടെ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പഞ്ചാബ് ലക്ഷ്യം മറികടക്കുകയായിരുന്നു.
14 പന്ത് നേരിട്ട മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. 49 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് വിജയ് പഞ്ചാബിന്റെ ടോപ്‌സ്‌കോററായത്. 33 പന്ത് നേരിട്ട വോഹ്‌റയുടെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറിയുണ്ടായിരുന്നു. പൂനെയ്ക്കു വേണ്ടി മുരുഗന്‍ അശ്വിന്‍ മൂന്നും അന്‍കിത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. വോഹ്‌റയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it