Sports

ഐപിഎല്‍: ധോണി വെടിക്കെട്ടില്‍ പൂനെയ്ക്ക് ജയം

ഐപിഎല്‍: ധോണി വെടിക്കെട്ടില്‍  പൂനെയ്ക്ക് ജയം
X
dhoniവിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ റൈസിങ് പൂനെ ജയന്റ്‌സിനു നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ (32 പന്തില്‍ 64*) വെടിക്കെട്ട് ബാറ്റിങാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ പൂനെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്നു വിശേഷിപ്പിക്കപ്പെടുന്ന ധോണിയുടെ കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ഇന്നലെ കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 172 റണ്‍സെടുത്തു. നായകന്‍ മുരളി വിജയും (59) ഗുര്‍കീരത് സിങും (51) നേടിയ അര്‍ധസെഞ്ച്വറികളാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. പൂനെയ്ക്കായി ആര്‍ അശ്വിന്‍ നാലു വിക്കറ്റെടുത്തു.
മറുപടിയില്‍ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍കണ്ട പൂനെയെ ധോണി തകര്‍പ്പന്‍ ബാറ്റിങിലൂടെ രക്ഷിക്കുകയായിരുന്നു. അവസാന ഓവറില്‍ പൂനെയ്ക്കു ജയിക്കാന്‍ 23 റണ്‍സ് വേണ്ടിയിരുന്നു. അക്ഷര്‍ പട്ടേലിന്റെ ഓവറിലെ ആദ്യ പന്തില്‍ ധോണിക്കു റണ്‍സ് നേടാനായില്ല. രണ്ടാമത്തെ പന്ത് വൈഡ്. തൊട്ടടുത്ത പന്തില്‍ കൂറ്റന്‍ സിക്‌സര്‍ പറത്തി ധോണി പൂനെയ്ക്ക് പ്രതീക്ഷയേകി. മൂന്നാമത്തെ പന്തില്‍ ധോണിക്ക് റണ്‍സെടുക്കാന്‍ സാധിച്ചില്ല.
ഇതോടെ അവസാന മൂന്നു പന്തുകളില്‍ പൂനെയ്ക്കു ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. നാലാം പന്തില്‍ ബൗണ്ടറി കണ്ടെത്തിയ ധോണി തൊട്ടടുത്ത രണ്ടു പന്തുകളും സിക്‌സറിലേക്കു പായിച്ച് പൂനെയ്ക്ക് ഉജ്ജ്വല ജയം സമ്മാനിച്ചു. കേവലം 32 പന്തില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് ധോണി 64 റണ്‍സ് വാരിക്കൂട്ടിയത്. ഉസ്മാന്‍ കവാജ (30), തിസാര പെരേര (23) എന്നിവരും പൂനെയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.
Next Story

RELATED STORIES

Share it