Flash News

ഐപിഎല്‍ : തകര്‍ന്നടിഞ്ഞ് ഡല്‍ഹി ; പഞ്ചാബിന് 10 വിക്കറ്റ് ജയം



മൊഹാലി: ഇതാണ് ആരാധകര്‍ കാത്തിരുന്ന പഞ്ചാബ്. മൊഹാലി മൈതാനത്തില്‍ ബൗളര്‍മാര്‍ മിന്നല്‍ പിണര്‍ തീര്‍ത്തപ്പോള്‍ പഞ്ചാബിന്റെ അക്കൗണ്ടില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കഷ്ടപെട്ട് പടുത്തുയര്‍ത്തിയ 68 റണ്‍സെന്ന വിജയ ലക്ഷ്യത്തെ വെറും 7.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ പഞ്ചാബ് മറികടന്നു. 27 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്ന മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അതിവേഗം വിജയത്തിലെത്തിച്ചത്. നേരത്തെ നാലു വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായ സന്ദീപ് ശര്‍മയുടെ ബൗളിങ് പ്രകടനമാണ് ഡല്‍ഹിയെ 17.1 ഓവറില്‍ 67 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. സഹീര്‍ ഖാന്റെ അഭാവത്തില്‍ കരുണ്‍ നായരാണ് ഡല്‍ഹിയെ നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കം തന്നെ പിഴച്ചു. എന്നും വെടിക്കെട്ട് ഓപണിങ് നടത്തുന്ന സഞ്ജു സാംസണ്‍ റണ്‍സ് ക ണ്ടെത്താന്‍ ബുദ്ധിമുട്ടി. സന്ദീപ് ശര്‍മയുടെ സ്വിങ് സ്ലോ ബൗളില്‍ അക്കൗണ്ട് തുറക്കും മുമ്പേ സാം ബില്ലിങ്‌സ് മടങ്ങി. ടി നടരാജനും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യത്തെ രണ്ട് ഓവറില്‍ ഡല്‍ഹിയുടെ അക്കൗണ്ടില്‍ വെറും രണ്ട് റണ്‍സ്. മൂന്നാം ഓവറില്‍ സന്ദീപ് ശര്‍മ സഞ്ജുവിനേയും(5) മടക്കി. പിന്നീടങ്ങോട്ട് ഡല്‍ഹിവേഗം തകര്‍ന്നു. പഞ്ചാബിന് വേണ്ടി അക്‌സര്‍ പട്ടേല്‍, വരുണ്‍ ആരോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മോഹിത് ശര്‍മയും ഗ്ലെന്‍ മാക്‌സ് വെല്ലും ഓരോ വിക്കറ്റുകളും വീഴ്ത്തി. കരുത്തുറ്റ നിരയുമായി 68 റണ്‍സിലേക്ക് ബാറ്റിങിനിറങ്ങിയ പഞ്ചാബ് ആദം മുതല്‍ തല്ലിതകര്‍ത്തു. 27 പന്തില്‍ 50 റണ്‍സ് നേടി പുറത്താവാതെ നിന്ന ഗുപ്റ്റിലിന്റെ പ്രകടനമാണ് പഞ്ചാബിന് 7.5 ഓവറില്‍ വിജയം സമ്മാനിച്ചത്. ഹാഷിം അംല 20 പന്തില്‍ 16 റണ്‍സുമായി ഗുപ്റ്റിലിന് മികച്ച പിന്തുണയേകി. ജയത്തോടെ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുകളുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
Next Story

RELATED STORIES

Share it