Sports

ഐപിഎല്‍: ഡിവില്ലിയേഴ്‌സ്, കോഹ്‌ലി ഷോ

ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് റെക്കോഡ് ജയം. എബി ഡിവില്ലിയേഴ്‌സും (129*) ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും (109) സെഞ്ച്വറിയുമായി തകര്‍ത്താടിയപ്പോള്‍ ബാംഗ്ലൂര്‍ 144 റണ്‍സിന് ഗുജറാത്തിനെ നാണംകെടുത്തുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയം കൂടിയാണ് ബാംഗ്ലൂര്‍ ഇന്നലെ തങ്ങളുടെ പേരിലെഴുതി ചേര്‍ത്തത്.
ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ഗുജറാത്തിനെ നയിച്ച ബ്രണ്ടന്‍ മക്കുല്ലം ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, മക്കുല്ലത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഡിവില്ലിയേഴ്‌സും കോഹ്‌ലിയും ബാറ്റ് കൊണ്ട് തകര്‍ത്താടിയപ്പോള്‍ ഗുജറാത്തിന്റെ സിംഹക്കൂട്ടത്തിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 229 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 248 റണ്‍സ് അടിച്ചെടുത്തു.
52 പന്തില്‍ 12 സിക്‌സറും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇ്ന്നിങ്‌സ്. 43 പന്തിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറി നേട്ടം. 55 പന്ത് നേരിട്ട കോഹ്‌ലിയുടെ ഇന്നിങ്‌സില്‍ എട്ട് സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെട്ടിരുന്നു. ഈ സീസണില്‍ കോഹ് ലിയുടെ മൂന്നാം സെഞ്ച്വറി കൂടിയാണിത്.
മറുപടിയില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു പിന്നാലെ ബാംഗ്ലൂര്‍ ബൗളര്‍മാരും കസറിയപ്പോള്‍ ഗുജറാത്ത് 18.4 ഓവറില്‍ 104 റണ്‍സിന് കൂടാരം കയറുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദനും മൂന്ന് പേരെ പുറത്താക്കിയ യുസ് വേന്ദ്ര ചഹാലും രണ്ട് പേരെ പവലിയനിലേക്ക് മടക്കി അയച്ച കേരള താരം സചിന്‍ ബേബിയുമാണ് ഗുജറാത്തിനെ നാണംകെടുത്തിയത്. നാല് പന്ത് മാത്രം എറിഞ്ഞ ബേബി നാല് റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
38 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 37 റണ്‍സെടുത്ത ആരണ്‍ ഫിഞ്ചാണ് ഗുജറാത്തിന്റെ ടോപ്‌സ്‌കോറര്‍. ഫിഞ്ചിനെ പുറത്താക്കിയത് ബേബിയായിരുന്നു. രവീന്ദ്ര ജഡേജയും (21) മക്കുല്ലവുമാണ് (11) ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. ഈ ജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയും ചെയ്തു. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it