Sports

ഐപിഎല്‍: ഗംഭീര്‍ കസറി,  കൊല്‍ക്കത്തയും

ഐപിഎല്‍: ഗംഭീര്‍ കസറി,  കൊല്‍ക്കത്തയും
X
sunrisers-hyderabad--kolkat

[related]

ഹൈദരാബാദ്: ഉജ്ജ്വല ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (90*) മിന്നിയപ്പോള്‍ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഗംഭീറും സംഘവും തകര്‍ത്തുവിട്ടത്. 10 പന്തും എട്ട് വിക്കറ്റും ബാക്കിനില്‍ക്കേയാണ് കൊല്‍ക്കത്ത സീസണിലെ രണ്ടാം ജയം കരസ്ഥമാക്കിയത്. ടൂര്‍ണമെന്റില്‍ സണ്‍റൈസേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 142 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ നാലു വിക്കറ്റിന് 50 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞതിനു ശേഷമാണ് സണ്‍റൈസേഴ്‌സ് പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തത്.  43 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 51 റണ്‍സെടുത്ത ഇയാന്‍ മോര്‍ഗനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍.  മറുപടിയില്‍ ഗംഭീറിനൊപ്പം ഓപണറായെത്തിയ റോബിന്‍ ഉത്തപ്പയും (38) ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തപ്പോള്‍ 18.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത ലക്ഷ്യം കാണുകയായിരുന്നു. 60 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഗംഭീറിന്റെ ഇന്നിങ്‌സ്.  34 പന്ത് നേരിട്ട ഉത്തപ്പ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും കണ്ടെത്തി. കൊല്‍ക്കത്ത വിജയം പൂര്‍ത്തിയാക്കുമ്പോള്‍ 11 റണ്‍സോടെ മനീഷ് പാണ്ഡെയായിരുന്നു ക്രീസില്‍.  സണ്‍റൈസേഴ്‌സിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാനും ആശിഷ് റെഡ്ഡിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് പേരെ പുറത്താക്കിയ മോര്‍നെ മോര്‍ക്കലുമാണ് മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്ന് സണ്‍റൈസേഴ്‌സിനെ തടഞ്ഞത്. ആന്ദ്രെ റസ്സല്‍ ഒരു വിക്കറ്റ് നേടി.  മോര്‍ഗനു പുറമേ നമാന്‍ ഓജ (37), ആശിഷ് റെഡ്ഡി (13), ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (13) എന്നിവര്‍ക്കു മാത്രമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ രണ്ടക്കം കാണാനായത്. ഗംഭീറാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it