ഐപിഎല്‍: കൊല്‍ക്കത്ത തുടങ്ങി

കൊല്‍ക്കത്ത: രണ്ട് തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്ഡിന് ഐപിഎല്ലില്‍ വിജയത്തുടക്കം. ഇന്നലെ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയാണ് ഗൗതം ഗംഭീറും സംഘവും തകര്‍ത്തുവിട്ടത്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. മല്‍സരത്തില്‍ സകല മേഖലകളിലും തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്ത കാഴ്ചവച്ചത്.
ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ഗംഭീറിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ കൊല്‍ക്കത്തന്‍ ബൗളര്‍മാരും പന്തെറിഞ്ഞപ്പോള്‍ ഡല്‍ഹിയുടെ ഇന്നിങ്‌സ് 17.4 ഓവറില്‍ 98 റണ്‍സിന് അവസാനിക്കുകയായിരുന്നു.
മറുപടിയില്‍ ഓപണര്‍മാരായ ഗംഭീറും (38*) റോബിന്‍ ഉത്തപ്പയും (35) മികച്ച തുടക്കം നല്‍കിയപ്പോള്‍ 14.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു. 41 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഗംഭീറിന്റെ ഇന്നിങ്‌സ്. 33 പന്ത് നേരിട്ട ഉത്തപ്പ ഏഴ് ബൗണ്ടറി കണ്ടെത്തി. മനീഷ് പാണ്ഡെ പുറത്താവാതെ 15 റണ്‍സെടുത്തു.
നേരത്തെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രെ റസ്സലും ബ്രാഡ് ഹോഗുമാണ് ഡല്‍ഹിയുടെ ചെകുത്തന്‍മാരെ പിടിച്ചുകെട്ടിയത്. ശേഷിക്കുന്ന നാലു വിക്കറ്റുകള്‍ ജോണ്‍ ഹാസ്റ്റിങ്‌സും പിയൂഷ് ചൗളയും പങ്കിട്ടെടുക്കുകയായിരുന്നു. നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് വിട്ടുകൊടുത്താണ് ഹോഗ് മൂന്നു വിക്കറ്റുകള്‍ പിഴുതത്. റസ്സല്‍ മൂന്ന് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്തു.
കൊല്‍ക്കത്തയുടെ മികച്ച ബൗളിങിനു മുന്നില്‍ നാല് താരങ്ങള്‍ക്കു മാത്രമാണ് രണ്ടക്കം കാണാനായത്. ക്വിന്റണ്‍ ഡികോക്ക് (17), മലയാളി താരം സഞ്ജു വി സാംസണ്‍ (15), പവന്‍ നേഗി (11), ക്രിസ് മോറിസ് (11) എന്നിവരാണ് രണ്ടക്കം കണ്ട ഡല്‍ഹി താരങ്ങള്‍.
10 പന്തില്‍ ഓരോ വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്. 13 പന്ത് നേരിട്ട സഞ്ജു രണ്ട് ബൗണ്ടറി നേടി.
Next Story

RELATED STORIES

Share it