Second edit

ഐന്‍സ്റ്റൈന്‍ യുഗം

ഒരു നൂറ്റാണ്ടു മുമ്പ് ഒരു നവംബറിലാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രഷ്യന്‍ സയന്‍സ് അക്കാദമിയില്‍ ആപേക്ഷികസിദ്ധാന്തത്തെക്കുറിച്ച നാലു പ്രൗഢപ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. അതേവര്‍ഷം ഡിസംബര്‍ രണ്ടിനു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ക്വാണ്ടം സിദ്ധാന്തത്തെപ്പോലെ ആപേക്ഷികസിദ്ധാന്തം പ്രപഞ്ചത്തെക്കുറിച്ച ധാരണകള്‍ പൊളിച്ചെഴുതി. ഗണിതശാസ്ത്രപരമായ ആഖ്യാനസൗന്ദര്യമായിരുന്നു ഐന്‍സ്റ്റൈന്റെ നിഗമനങ്ങളുടെ വ്യാപകമായ സ്വീകാര്യതയ്ക്കു കാരണം. ലളിതം എന്നാല്‍ ദുര്‍ഗ്രഹം. ഇന്നു തമോഗര്‍ത്തം തൊട്ട് പലര്‍ക്കും മനസ്സിലാവാത്ത ഗോളശാസ്ത്രസംജ്ഞകള്‍ക്കൊക്കെ അടിസ്ഥാനമായി ഐന്‍സ്റ്റൈന്റെ 10 സമവാക്യങ്ങള്‍ നിലനില്‍ക്കുന്നു.
എന്നാല്‍, 1905ല്‍ പ്രഥമ ആപേക്ഷികസിദ്ധാന്തമാണ് സുറിക്കില്‍ പാറ്റന്റ് ഓഫിസില്‍ ഗുമസ്തനായിരുന്ന ആ മഹാപ്രതിഭാശാലിയെ വിശ്വപ്രശസ്തനാക്കുന്നത്. അതോടെ ദ്രവ്യവും സമയവും വേഗവും അളക്കുന്ന പഴയ മാപിനികളൊക്കെ പുറത്തായി. മാറ്റമില്ലാതെ നില്‍ക്കുന്നത് പ്രകാശവേഗം മാത്രമായി. ഊര്‍ജത്തിന്റെ പല രൂപങ്ങളും ഒന്നിലൊതുങ്ങി. യൂ ക്ലിഡിന്റെ ജ്യാമിതിക്ക് പരിധികളുണ്ടെന്നു വന്നു.
അതോടൊപ്പം ഭൗതികത്തിലും ഗോളശാസ്ത്രത്തിലും പുതുമയേറിയ നിഗമനങ്ങള്‍ക്ക് ഐന്‍സ്റ്റൈന്‍ കാരണമായി. മഹാസ്‌ഫോടനസിദ്ധാന്തം തൊട്ട് ഇന്നും ഖണ്ഡിതമായി തീരുമാനിക്കാത്ത ഒട്ടേറെ അനുമാനങ്ങളും നിഗമനങ്ങളും അങ്ങനെയുണ്ടായതാണ്. ആ അന്വേഷണം അനന്തമായി തുടരുന്നു, ഈ പ്രപഞ്ചംപോലെ.
Next Story

RELATED STORIES

Share it