ഐടി കയറ്റുമതി 18,105 കോടിയായെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി കയറ്റുമതി 3000 കോടിയില്‍നിന്ന് 18,105 കോടിയായി വര്‍ധിച്ചെന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെ മാത്രം വിറ്റുവരവ് 7.84 കോടിയാണ്. ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തതാണ് ഗെയില്‍ വാതക പൈപ്പ്‌ലൈന്‍, അതിവേഗ റെയില്‍വേ, എമര്‍ജിങ് കേരളയില്‍ വന്ന പദ്ധതികള്‍ എന്നിവ നടപ്പാക്കാന്‍ മുഖ്യതടസ്സം. കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കുന്നതോടുകൂടി ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി നിയമസഭയെ അറിയിച്ചു.
സ്വകാര്യ സംരംഭകര്‍ മുന്നോട്ടുവന്നാലെ കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പാക്കാനാകൂവെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയായ കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തും. ദുബയ് ഭരണാധികാരി പങ്കെടുക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ തിയ്യതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചി റിഫൈനറി വികസനത്തിനും അനുബന്ധ പെട്രോ കെമിക്കല്‍ വ്യവസായത്തിന്റെ വികസനത്തിനുമായി 20,000 കോടിയുടെ കേന്ദ്ര നിക്ഷേപമായിട്ടുണ്ട്. ഗെയില്‍ പദ്ധതിക്കായി 3000 കോടിയും കോഴിക്കോട് നിര്‍ദേശ് പദ്ധതിക്കായി 200 കോടിയും കേന്ദ്രനിക്ഷേപമായി ലഭിച്ചു. കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ 120.15 കോടി ചെലവില്‍ സമുദ്രോല്‍പന്ന മേഖലയ്ക്കു പ്രാധാന്യം നല്‍കി മെഗാ ഫുഡ്പാര്‍ക്ക് സ്ഥാപിക്കാന്‍ 50 കോടിയുടെ ഗ്രാന്റും കേന്ദ്രം അനുവദിച്ചു. ചെറുകിട വ്യവസായരംഗത്ത് ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചാനിരക്കുള്ള സംസ്ഥാനം കേരളമാണെന്നും കഴിഞ്ഞ വര്‍ഷം 12.3 ശതമാനം വളര്‍ച്ച ഈ രംഗത്തുണ്ടായെന്നും മന്ത്രി അറിയിച്ചു.
എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി രണ്ടു പദ്ധതികള്‍ പൂര്‍ത്തിയായി. 12 പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. പരമ്പരാഗത വ്യവസായമായ ബീഡിത്തൊഴിലാളികളെ ഇതേ തൊഴിലില്‍ നിലനിര്‍ത്തുക ശ്രമകരമാണ്. അവരെ മറ്റു തൊഴില്‍മേഖലകളിലേക്കു തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമം. പരമ്പരാഗത വ്യവസായ മേഖലയില്‍ ആധുനികവല്‍ക്കരണം അനിവാര്യമാണ്. കളിമണ്‍ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി പാരിസ്ഥിതിക പ്രശ്‌നങ്ങളാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ ഡിഎംആര്‍സി സര്‍ക്കാരിന് സമര്‍പ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി സര്‍വേ നടത്തിവരുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ഏകദേശം 839.90 കോടി കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it