ഐക്യ ശ്രമങ്ങള്‍ അവസാനവട്ട ചര്‍ച്ചയിലേക്ക് നീങ്ങുന്നു

കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: സമസ്ത എപി-ഇകെ വിഭാഗങ്ങള്‍ ഒരുമിക്കുന്നതിനുള്ള ഐക്യ ചര്‍ച്ചകള്‍ വിജയത്തിലേക്ക് നീങ്ങുന്നു. രാഷ്ട്രീയനേതാക്കളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. കോഴിക്കോട്ടെ ഡോ. അബ്ദുല്‍ ലത്തീഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഐക്യ ചര്‍ച്ചകള്‍ ആരംഭിച്ചത്. നേരത്തേ നിരവധി തവണ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. മുസ്‌ലിംലീഗ് നേതാക്കളുടെ മുന്‍കൈയില്‍ നടന്ന ചര്‍ച്ചകളെല്ലാം എപി വിഭാഗം വോട്ടുകള്‍ യുഡിഎഫിനു ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നതിനാല്‍ വിജയം കണ്ടിരുന്നില്ല.
ഇരുവിഭാഗം സമസ്ത മുശാവറകളും സമ്മേളിച്ച് ചര്‍ച്ചയ്ക്കു വേണ്ടി നാലംഗ പ്രതിനിധി സംഘങ്ങളെ നിയോഗിച്ചു. ഇകെ വിഭാഗത്തിനു വേണ്ടി ഡോ. ബഹാവുദ്ദീന്‍ കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമ്മര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവരും എപി വിഭാഗത്തിനു വേണ്ടി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഡോ. ഹുസയ്ന്‍ സഖാഫി ചുള്ളിക്കോട്, എ കെ കട്ടൂപ്പാറ എന്നിവരുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
മധ്യസ്ഥ സമിതിയുടെ ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചിരുന്നെങ്കിലും കാന്തപുരം വിഭാഗം ലീഗ് വിരുദ്ധ നിലപാട് തുടരുന്നതിനാല്‍ ചര്‍ച്ച വിളിക്കേണ്ടതില്ലെന്ന് ലീഗ് നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. സാദിഖലി തങ്ങളെ മറികടന്ന് ഇരുവിഭാഗവും നേരിട്ട് മലപ്പുറം റസ്റ്റ്ഹൗസില്‍ മൂന്നു തവണ സമ്മേളിച്ച് വിശദമായ ചര്‍ച്ച നടത്തി.
ഏഴു മാസമായി പൂട്ടിക്കിടക്കുന്ന മുടിക്കോട് പള്ളി തുറക്കുന്നതിനുള്ള നടപടികളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രാദേശിക മഹല്ല് സംഘടനാ നേതാക്കളെ വിളിച്ചുകൂട്ടി കൗണ്‍സിലിങ് നടത്തുകയും ഇരുവിഭാഗത്തിന്റെയും അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇവര്‍ പള്ളി തുറക്കുന്നതിന് അനുകൂലമായ സത്യവാങ്മൂലം ആര്‍ഡിഒക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരമുള്ള കുറ്റപ്പെടുത്തലും വിമര്‍ശനങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം സഹകരിക്കാനും സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്താനും തീരുമാനിച്ചു.
പള്ളികളും മദ്‌റസകളും വഖ്ഫ് സ്വത്തുക്കളുമായും ബന്ധപ്പെട്ട് പരസ്പരം നിലനില്‍ക്കുന്ന കേസുകളും നിയമ നടപടികളും അടുത്ത മാസം 12നു വഖ്ഫ് ബോര്‍ഡ് വിളിച്ചുചേര്‍ത്ത അദാലത്തില്‍ വിട്ടുവീഴ്ച ചെയ്ത് പരിഹരിക്കാനും ആലോചനയുണ്ട്. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചും ധാരണയുണ്ടാവും.
1989ലാണ് സമസ്ത പിളര്‍ന്നത്. എറണാകുളത്ത് സുന്നി യുവജനസംഘം സംഘടിപ്പിച്ച നബിദിന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് ഭിന്നത പ്രകടമായത്. ഇകെ വിഭാഗം മുസ്‌ലിംലീഗിന്റെ പക്ഷത്തും എപി വിഭാഗം ഇടതുപക്ഷത്തും നിലയുറപ്പിച്ചു പരസ്യമായ ഏറ്റുമുട്ടലാണ് പിന്നീടുണ്ടായത്. മദ്‌റസകളും പള്ളികളും സംഘര്‍ഷഭരിതമാകുന്ന അവസ്ഥ വരെയുണ്ടായി. മുജാഹിദ് ഐക്യത്തിനു ശേഷം സുന്നി ഐക്യവും സാധ്യമാവുന്നതില്‍ വിശ്വാസികള്‍ ഏറെ ആഹ്ലാദത്തിലാണ്. ഐക്യചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it