ഐക്യ കേരളാ കോണ്‍ഗ്രസ് ആഹ്വാനം മാണിക്ക് തിരിച്ചടിയായി

കോട്ടയം: ഐക്യ കേരളാ കോണ്‍ഗ്രസ് ആഹ്വാനം നടത്തി ജോസഫ്, സെക്കുലര്‍ വിഭാഗങ്ങളെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിപ്പിച്ചെങ്കിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് നേതാക്കള്‍ രംഗത്തെത്തിയത് കെ എം മാണിക്ക് തിരിച്ചടിയാവുന്നു. ബാര്‍ കോഴക്കേസില്‍ പ്രതിച്ഛായ നഷ്ടമായ മാണിക്ക് അടിക്കടിയുണ്ടാവുന്ന പിളര്‍പ്പുകളും തിരിച്ചടിയായി.
യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ലഭിച്ച ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായ ജോസഫ്, സെക്കുലര്‍ വിഭാഗം നേതാക്കളെ പൂര്‍ണമായും അവഗണിച്ചു. ജോസ് കെ മാണിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് സര്‍ക്കാര്‍ പദവികളിലും പാര്‍ട്ടി സ്ഥാനങ്ങളിലുമെത്തിയത്. ഇതോടെ പാര്‍ട്ടിയില്‍ പി സി ജോര്‍ജ് കലാപക്കൊടി ഉയര്‍ത്തി. ജോസ് കെ മാണിയെ അംഗീകരിച്ച് മുന്നോട്ടുപോവാന്‍ ഒരുക്കമല്ലെന്ന് ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചു. പിന്നീട് നിരന്തരം കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ച് അദ്ദേഹം പുറത്തുപോയി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകളില്‍ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന ഔദ്യോഗിക പക്ഷത്തിന്റെ ആലോചനകളാണ് ജോസഫ് വിഭാഗത്തിനൊപ്പമുള്ള നേതാക്കള്‍ നേതൃത്വത്തിന് എതിരാകാന്‍ കാരണം. മകന്റെ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകള്‍ക്കെതിരേ മാണി മൗനം പാലിച്ചെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെ എം മാണിയെ പരസ്യമായി ബിജെപി സ്വാഗതം ചെയ്തിട്ടും എതിരഭിപ്രായം പറയാതെ വര്‍ഗീയ കക്ഷികളോട് മൃദുസമീപം സ്വീകരിച്ചതും അസ്വസ്ഥതയ്ക്ക് കാരണമായി. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം രഹസ്യബാന്ധവത്തിന് മുതിര്‍ന്നിരുന്നു. ഈ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് കേരളാ കോണ്‍ഗ്രസ്സിനെ എന്‍ഡിഎ സഖ്യത്തിലേക്ക് ബിജെപി നേതൃത്വം സ്വാഗതം ചെയ്തത്.
Next Story

RELATED STORIES

Share it