wayanad local

ഐക്യകര്‍ഷക സമിതി പ്രവര്‍ത്തനം ശക്തമാക്കുന്നു

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ കടക്കെണികൊണ്ടും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ കൊണ്ടും ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ജില്ലാ ഐക്യകര്‍ഷക സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇരുളം മുളയാനിക്കല്‍ സുകുമാരനെ സഹായിക്കുന്നതിനും ബാങ്കിന്റെ പീഡനങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നതിനുമായി ഇരുളത്ത് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ഐക്യകര്‍ഷക സമിതിയാണ് പ്രവര്‍ത്തനം ശക്തമാക്കാനുള്ള നീക്കം തുടങ്ങിയത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, കൃഷി വ്യവസായമായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുക, കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് കര്‍ഷകരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തുക, രണ്ടു ലക്ഷം രൂപ വരെയുള്ള കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമിതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. ജില്ലയില്‍ ആകെയുള്ള വായ്പക്കാരില്‍ 90 ശതമാനവും രണ്ടു ലക്ഷം രൂപയില്‍ താഴെ കടമുള്ളവരാണ്. ഇത്തരക്കാര്‍ക്ക് പലിശയും മറ്റ് ചെലവുകളും ചേര്‍ത്ത് അഞ്ചും ആറും ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ ബാധ്യത.
കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും മറ്റ് കാര്‍ഷിക മേഖലകളില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്.
എന്നാല്‍, അതെല്ലാം ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം പലതരത്തില്‍ പാഴാവുകയാണ്. ചെലവഴിക്കുന്ന ഫണ്ട് യാഥാര്‍ഥ കര്‍ഷകരുടെ പക്കല്‍ എത്തുന്നുണ്ടോയെന്നും അതു കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടോയെന്നും പരിശോധിക്കുന്നതിനുള്ള മോണിറ്ററിങ് സംവിധാനം ഇപ്പോഴില്ല.
കര്‍ഷക ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുമ്പോഴും നടപ്പാക്കുമ്പോഴും കര്‍ഷകരുടെ പ്രാതിനിത്യം ഉണ്ടാവുന്നില്ല. പല മേഖലയിലും ഉദ്യോഗസ്ഥരുടെ കടന്നുകയറ്റവും വകുപ്പ് മേധാവികളുടെ നിയന്ത്രണവുമാണ്.
ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാക്കുന്നതിനും ഐക്യകര്‍ഷക സമിതി ശ്രദ്ധചെലുത്തും. അതിനുവേണ്ടി കാര്‍ഷിക രംഗത്തുള്ള മുഴുവന്‍ സംഘടനകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം കല്‍പ്പറ്റയില്‍ കര്‍ഷകരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും ഭാരവാഹികള്‍ ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it