ഐഒസി പ്ലാന്റിന് പച്ചക്കൊടി

സ്വന്തം  പ്രതിനിധി

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്ഥാപിക്കുന്ന എല്‍പിജി ഇറക്കുമതി ടെര്‍മിനലിനെതിരേ പുതുവൈപ്പ് എല്‍പിജി വിരുദ്ധ സമരസമിതി സമര്‍പ്പിച്ച ഹരജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. കെ യു രാധാകൃഷ്ണന്‍, കെ എസ് മുരളി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. എല്‍പിജി ടെര്‍മിനല്‍ സുരക്ഷാഭീഷണിയാണെന്ന വാദം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാര്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം എസ് നമ്പ്യാരുടെ സിംഗിള്‍ബെഞ്ചിന്റെ വിധി. പുതുവൈപ്പ് പ്രത്യേക സാമ്പത്തിക മേഖലയില്‍ 200 മീറ്റര്‍ പരിധിയില്‍ യാതൊരു നിര്‍മാണവും നടത്താന്‍ ഐഒസിയെ അനുവദിക്കരുത്, ഐഒസിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കുക, ചുറ്റുമതില്‍ പൊളിച്ച് തല്‍സ്ഥിതി പാലിക്കാന്‍ നിര്‍ദേശം നല്‍കുക,  പ്രത്യേക സാമ്പത്തിക മേഖലയിലെ എല്ലാ പദ്ധതികളുടെയും ആഘാതം നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കുക തുടങ്ങിയവയായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍. 1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, എല്‍പിജി കൊണ്ടുവന്ന് സൂക്ഷിക്കുന്നതിനുള്ള സംഭരണി സ്ഥാപിക്കുന്നത് വേലിയേറ്റ മേഖലയിലായാലും അത് നിയമവിരുദ്ധമല്ലെന്ന് ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.  മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലിലേക്ക് കടക്കാന്‍ പറ്റില്ലെന്നു പറയുന്നത് തെറ്റാണ്. കാരണം. പദ്ധതി സ്ഥലത്തിന്റെ തെക്കുഭാഗത്ത് ആവശ്യത്തിനുള്ള വഴിയൊരുക്കും. ഈ വിവരം മാപ്പിലും ലഭ്യമാണ്. അതിനാല്‍, വാദം അംഗീകരിക്കാനാവില്ലെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. പുതുവൈപ്പിന്‍ തീരം, പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച പ്രദേശം അടക്കം കടല്‍കയറ്റം നടക്കുന്ന സ്ഥലമായതിനാല്‍ തീരസംരക്ഷണ പദ്ധതികള്‍ അനിവാര്യമാണ്. മുഖ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് ട്രൈബ്യൂണലിനു ബാധകമല്ല. എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിന് അനുമതി നല്‍കിയപ്പോള്‍ നിഷ്‌കര്‍ഷിച്ച ചട്ടങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍  പൂര്‍ണമായി പാലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. പദ്ധതിക്കെതിരേ പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ ന്യായമാണെന്നും ഹരിത ട്രൈബ്യൂണലിനു സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ടായിരുന്നു. പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ പറയുന്നത് പദ്ധതി അവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ്. എന്നാല്‍, ഹരജിക്കാര്‍ക്ക് അതിനു വേണ്ട തെളിവുകള്‍ ഹാജരാക്കാനായിട്ടില്ല. അതിനാല്‍ ഹരജി തീര്‍പ്പാക്കുകയാണെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. പുതുവൈപ്പിനില്‍ കരയിടിച്ചില്‍ ഉള്ളതിനാല്‍ ഓഷ്യന്‍ എന്‍ജിനീയറിങ് വകുപ്പ്, ഐഐടി എന്നിവരുടെ നിര്‍ദേശങ്ങള്‍ പെട്ടെന്ന് നടപ്പാക്കണം. ഐഐടി മദ്രാസുമായി കൂടിയാലോചിച്ചായിരിക്കണം ഇതു ചെയ്യേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it