Kollam Local

ഐഒസി പാതയിലെ വെള്ളക്കെട്ട് നീക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി



പാരിപ്പള്ളി: പൊട്ടിപൊളിഞ്ഞ് വെള്ളം നിറഞ്ഞ പാചകവാതകപ്ലാന്റിലേക്കുള്ള തന്ത്രപ്രധാനപാതയോടുള്ള പൊതുമരാമത്ത് വകുപ്പിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തിറങ്ങി. മാസങ്ങളായി വലിയ കുഴികള്‍ രൂപപ്പെട്ട് കാല്‍നടയാത്രപോലും അസാധ്യമായിരുന്ന മൈലാടുംപാറ-മൈലവിള പാതയാണ് ഒരുപകല്‍ നീണ്ട പ്രദേശവാസികളുടെ ശ്രമഫലമായി സഞ്ചാരയോഗ്യമായത്. പാതയുടെ ശോചനീയാവസ്ഥയെപറ്റി ഇന്നലെ തേജസ് വാര്‍ത്ത പ്രസിദ്ധീകിരച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ചത്. എഴിപ്പുറം വാര്‍ഡംഗം ശൈല അശോകദാസ്, ഇഎസ്‌ഐ വാര്‍ഡംഗം ശാന്തിനി മോഹനന്‍പിള്ള, സ്മിനു, സജീവ്, നിജിന്‍, അശോകദാസ്, അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പിരിവെടുത്ത് എസ്‌കവേറ്റര്‍ ഉപയോഗിച്ച് പാതയുടെ വശത്തെ മെഡിക്കല്‍ കോളജിന്റെ മതിലിനോട് ചേര്‍ന്ന ഡ്രെയിനേജ് പൈപ്പുകള്‍ തെളിച്ചു. പിന്നീട് ശക്തമായ മഴയെ അവഗണിച്ച് വീട്ടമ്മമാര്‍ ഉള്‍പ്പെടെ തൂമ്പയെടുത്ത് മണ്ണ് നീക്കിയതോടെയാണ് വെള്ളം ഒഴുകിനീങ്ങിയത്. ഇതിനിടെ വിവരമറിഞ്ഞ് ചാത്തന്നൂര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഒരു ലോഡ് മെറ്റിലുമായി സ്ഥലത്തെത്തി പാതയുടെ വശത്ത് വിതറിയശേഷം സ്ഥലം വിട്ടു. അതേസമയം പാതയിലെ കാടുകള്‍ നീക്കം ചെയ്യണമെന്നും കുഴികളടയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ മെറ്റിലിറക്കി കുഴികള്‍ മൂടുമെന്നും നാട്ടുകാര്‍ പറഞ്ഞു. ദിനംപ്രതി ഇരുപതോളം പാചകവാതക ടാങ്കര്‍ലോറികളും 120 ഓളം സിലിണ്ടര്‍ കയറ്റിയ ട്രക്കുകളും ഇതുവഴിയാണ് പ്ലാന്റിലേക്ക് കടന്നുപോകുന്നത്.
Next Story

RELATED STORIES

Share it