Flash News

ഐഒസി പാചകവാതക സംഭരണിക്കെതിരായ സമരം തുടരാന്‍ സമരസമിതി തീരുമാനം



വൈപ്പിന്‍: ഐഒസി സ്ഥാപിക്കുന്ന പാചകവാതക സംഭരണിക്കെതിരായ സമരം തുടരാന്‍ സമരസമിതി നേതാക്കള്‍ പങ്കെടുത്ത ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ വിശദീകരിച്ചു.പാചകവാതക സംഭരണിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയമിച്ചത് സമരസമിതി സ്വാഗതം ചെയ്തു. സമരസമിതിയുടെ അടിസ്ഥാന മുദ്രാവാക്യം ഐഒസിയുടെ പദ്ധതി ഈ പ്രദേശത്തു വേണ്ടെന്നുള്ളതാണ്. സമരവുമായി ബന്ധപ്പെട്ട് പോലിസ് മര്‍ദനമേറ്റ് ജോലിക്കു പോകാന്‍ കഴിയാത്ത കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള നടപടികള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വളരെ സത്യസന്ധമായ ഒരു കമ്മിറ്റിയുണ്ടാവുകയും ആ കമ്മിറ്റി കാര്യങ്ങള്‍ പഠിക്കുകയും ചെയ്താല്‍ ഈ പദ്ധതി ഇവിടെ വേണമെന്നു റിപോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പോലിസ് മര്‍ദനത്തെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. അടുത്ത മന്ത്രിസഭാ യോഗം കഴിയുന്നതുവരെ കാത്തുനില്‍ക്കും. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ്  മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ അടുത്ത മന്ത്രിസഭാ യോഗം കഴിയുന്നതുവരെ കാത്തുനില്‍ക്കും. അതില്‍ സമരസമിതി നേതാക്കള്‍ക്കെതിരേ ക്രൂരമായ മര്‍ദനങ്ങള്‍ അഴിച്ചുവിട്ട ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയൊന്നുമുണ്ടായില്ലെങ്കില്‍ നഗരത്തില്‍ ഉപവാസസമരം ആരംഭിക്കുമെന്ന സൂചനയും സമരസമിതി നേതാക്കള്‍ നല്‍കി. പോലിസുകാര്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ സമരസമിതി പ്രവര്‍ത്തകരെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. സമരസമിതി ചെയര്‍മാന്‍ എന്‍ പി ജയഘോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ കെ എസ് മുരളി, മാഗ്‌ലിന്‍, സിപിഐ മണ്ഡലം നേതാവ് എം കെ ബാബു, കെ കെ പുഷ്‌കരന്‍, ബിജു സംസാരിച്ചു.
Next Story

RELATED STORIES

Share it