ernakulam local

ഐഒസിക്കെതിരേ എളങ്കുന്നപ്പുഴ പഞ്ചായത്ത് നിയമനടപടിക്കൊരുങ്ങുന്നു

വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍പറത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പാചകവാതക സംഭരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ നിയമനടപടികള്‍ ആരംഭിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ഐകകണ്‌ഠ്യേന തീരുമാനിച്ചു. മുന്‍ ഭരണസമിതിയുടെ കാലത്ത് ഐഒസിയെ കേള്‍ക്കണമെന്ന കോടതി ഉത്തരവുപ്രകാരം പഞ്ചായത്ത് നടത്തിയ ഹിയറിങ്ങില്‍ നിര്‍മാണം ചട്ടവിരുദ്ധമാണെന്ന് ഐഒസിയെ പഞ്ചായത്ത് അറിയിച്ചിരുന്നു. ഭൂമിയുടെ ഉടമ കൊച്ചിന്‍ പോര്‍ടും നിര്‍മാണം ഐഒസിയുടേതുമാണ്. കെട്ടിടനിര്‍മാണ ചട്ടപ്രകാരം ഇത് അനുവദനീയമല്ല. പോര്‍ടിന്റെ വികസനവുമായി ബന്ധപ്പെട്ടതല്ല നിര്‍മാണം. എന്നാല്‍ പഞ്ചായത്തിന്റെ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഐഒസിക്കു കഴിഞ്ഞില്ല. പിന്നീട് മറുപടി നല്‍കാമെന്നുപറഞ്ഞ് അന്നുപോയ ഐഒസി അധികൃതര്‍ നിഷേധാത്മക നിലപാടാണ് പിന്നീട് സ്വീകരിച്ചത്. ഇതിനിടെ നടന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ്. ചട്ടവിരുദ്ധമായ നിര്‍മാണം നിര്‍ത്തണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികളുടെ ആശങ്ക ദുരീകരിക്കാതെയും നിയമം ലംഘിച്ചും ഉള്ള നിര്‍മാണമായതിനാലാണ് ജനങ്ങള്‍ തടഞ്ഞത്. നിര്‍മാണസാമഗ്രികള്‍ കൊണ്ടുവരാന്‍ ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ പകര്‍പ്പ് പഞ്ചായത്തിനു നല്‍കിയിട്ടില്ല. കോടതി ഉത്തരവ് നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ഞാറക്കല്‍ സിഐ സമ്മതിച്ചെങ്കിലും പാലിച്ചില്ല. രണ്ടിന് സമരംചെയ്ത പ്രദേശവാസികളെയും ജനപ്രതിനിധികളെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ്‌ചെയ്ത പോലിസ് നടപടിയില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു. പ്രശ്‌നം അന്വേഷിക്കുന്നതിനായി സ്ഥലത്തെത്തിയ പ്രസിഡന്റ് വി കെ കൃഷ്ണനെയും സ്ഥിരംസമിതി അധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും അംഗങ്ങളായ പി എസ് ഷാജിയെയും ടി ആര്‍ കൈലാസനെയും അറസ്റ്റ്‌ചെയ്യുകയാണ് പോലിസ് ചെയ്തത്. ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായിരുന്നു പോലിസ് നടപടി. ഇതിനെതിരേ ഉന്നത പോലിസ് അധികൃതര്‍ക്ക് പരാതി നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി എംഎല്‍എ എസ് ശര്‍മയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനും കമ്മിറ്റി തീരുമാനിച്ചു.
Next Story

RELATED STORIES

Share it