palakkad local

ഐഐടി സ്ഥിരം കാംപസ് ശിലാസ്ഥാപനം അട്ടിമറിക്കപ്പെടുന്നത് സങ്കുചിതത്വം കൊണ്ട്: എംപി



പാലക്കാട്: ഐഐടി സ്ഥിരം ക്യാമ്പസിനുള്ള ശിലാസ്ഥാപനം രാഷ്ട്രീയ സങ്കുചിതത്തിന്റെ പേരില്‍ അട്ടിമറിക്കപ്പെടുകയാണെന്ന് എം ബി രാജേഷ് എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് തവണ ശിലാസ്ഥാപനത്തിന് കേന്ദ്രമാനവവിഭവശേഷി മന്ത്രി തീയതി തന്നുവെങ്കിലും ചില സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ബി ജെ പിഭരിക്കുന്ന സംസ്ഥാനത്തേക്കാള്‍ നേരത്തെ ഇടത് മുന്നണി ഭരിക്കുന്ന കേരളത്തില്‍ പ്രാവര്‍ത്തികമാകുന്നതിന്റെ ജാള്യത യാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാം സൗകര്യങ്ങളൊരുക്കിയിട്ടും രണ്ട് മാസത്തിലേറെയായി ഐ ഐ ടി സ്ഥിരം ക്യാമ്പസിന് വേണ്ടിയുള്ള ശിലാസ്ഥാപനം കേന്ദ്രമന്ത്രിയുടെ സൗകര്യം കാത്ത് അനിശ്ചിതത്വത്തില്‍ കിടക്കുകയാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. കോച്ച്ഫാക്ടറി നിര്‍മാണം ഏറ്റെടുക്കാന്‍ സ്വകാര്യ പങ്കാളിയായ  സെയില്‍ മുന്നോട്ട് വന്നിട്ടും മുടന്തന്‍ വാദങ്ങള്‍ പറഞ്ഞ് നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നതാണ് കേന്ദ്ര സമീപനമെന്നും എം ബി രാജേഷ് എം പി കുറ്റപ്പെടുത്തി. കോച്ച്ഫാക്ടറി കഞ്ചിക്കോട് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും എം പി വ്യക്തമാക്കി. പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ രാജസ്ഥാാനിലെ കോട്ടയിലെ യൂനിറ്റ് കേന്ദ്രസര്‍ക്കാര്‍ അടച്ച് പൂട്ടിയിട്ടും കഞ്ചിക്കോട് നിലനിര്‍ത്താനായത് വ്യക്തിപരമായ ചാരിതാര്‍ഥ്യം നല്‍കുന്നുവെന്ന് എം പി പറഞ്ഞു. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അടച്ച് പൂട്ടുന്നതിന് പകരം സംസ്ഥാന സര്‍ക്കാറിന് കൈമാറാമെന്ന് സമ്മതിച്ചത്. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ യൂനിറ്റ് സംസ്ഥാന സര്‍ക്കാറിന് വിട്ട് നല്‍കുന്നത്. 5600 കോടി ആസ്തിയുള്ള ബെമലിനെ സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കത്തിലും ശക്തമായ ചെറുത്ത് നില്‍പ്പ് തുടരുകയാണ്. പൊള്ളാച്ചി പാതയിലെ തീവണ്ടി നിര്‍ത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്്് കേന്ദ്ര മന്ത്രിക്ക്്് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനൂകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം പി കൂട്ടിചേര്‍ത്തു. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ ഇടത് മുന്നണിസര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് ശിശുമരണനിരക്ക് ഇപ്പോള്‍ കുറവാണെന്ന് പറഞ്ഞ എം പി പോഷകാഹാര കുറവ് മൂലമുള്ള ശിശുമരണം തുടരുന്നുണ്ടെന്നും ദീര്‍ഘകാലപദ്ധതി ആവിഷ്‌ക്കാരത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധ്യമാകുമെന്നും രാജേഷ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it