ഐഐടി നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ ആറു പുതിയ ഐഐടികള്‍ സ്ഥാപിക്കുന്നതിനുള്ള നിയമ ഭേദഗതിക്കു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1961ലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നിയമം ഭേഗതി ചെയ്യുന്നതിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നിയമഭേദഗതിക്കു മുന്‍കാല പ്രാബല്യമുണ്ട്. പാലക്കാടിനു പുറമേ കര്‍ണാടകത്തിലെ ധര്‍വാദ്, ആന്ധ്രപ്രദേശിലെ തിരുപ്പതി, ഛത്തീസ്ഗഡിലെ ഭിലായ്, ഗോവ, ജമ്മു എന്നിവിടങ്ങളില്‍ പുതിയ ഐഐടികള്‍ തുടങ്ങുന്നതിനും ധന്‍ബാദിലെ ഐഎസ്എമ്മിനെ ഐഐടിയായി ഉയര്‍ത്തുന്നതിനും ഇതിനെ ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റിയൂട്ടായി പ്രഖ്യാപിക്കുന്നതിനും വേണ്ടിയുള്ളതാണു നിയമഭേദഗതി. ഇതിനുപുറമേ, ആന്ധ്രപ്രദേശില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) സ്ഥാപിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്‍ഐടി ആന്ധ്രപ്രദേശിനെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ബില്‍ അവതരിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്.
ദേശീയ ക്യാപിറ്റല്‍ ഗുഡ്‌സ് നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഈ മേഖലയ്ക്കായുള്ള ആദ്യ നയരൂപീകരണമാണിത്. ക്യാപിറ്റല്‍ ഗുഡ്‌സിന്റെ ഉല്‍പാദനം 2014-15ലെ 2,30,000 കോടി രൂപയില്‍ നിന്ന് 2025ല്‍ 7,50,000 കോടി രൂപയിലേക്ക് ഉയര്‍ത്താനും നേരിട്ടുള്ളതും പരോക്ഷമായിട്ടുള്ളതുമായ തൊഴില്‍ നിലവിലെ 8.4 ദശലക്ഷത്തില്‍ നിന്ന് 30 ദശലക്ഷമാക്കി ഉയര്‍ത്താനും നയത്തിലൂടെ ലക്ഷ്യമിടുന്നു. വിനോദസഞ്ചാര മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന് ഇന്ത്യയും മാലദ്വീപും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിനും കാബിനറ്റ് അംഗീകാരം നല്‍കി. കൂടാതെ, താപോര്‍ജം വികസിപ്പിക്കുന്നതിന് ജപ്പാനുമായുള്ള ധാരണാപത്രത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ തപാല്‍ സര്‍വീസിലെ കാഡര്‍ അവലോകനത്തിനും അംഗീകാരമായി. ഇന്ത്യന്‍ തപാല്‍ സര്‍വീസിലെ ഓഫിസര്‍മാരുടെ പ്രമോഷന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങളോട് കൂടുതല്‍ ഫലപ്രദമായി പ്രതികരിക്കുന്നതിന് അവരെ പര്യാപ്തരാക്കാനും ലക്ഷ്യമിട്ടാണ് അവലോകനം.
Next Story

RELATED STORIES

Share it