palakkad local

ഐഐടിയുടെ മറവില്‍ അഹല്യ സ്ഥലം കൈയേറുന്നുവെന്ന് സിപിഎം

പാലക്കാട്: ഐഐടിയുടെ താല്‍ക്കാലിക കാംപസിന്റെ മറവില്‍ അഹല്യ ആശുപത്രി അധികൃതര്‍ വ്യാപക ഭൂമി കൈയേറ്റം നടത്തുകയാണെന്ന് സിപിഎം. മുപ്പത് ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്നും സിപിഎം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വടകരപ്പതി പഞ്ചായത്തിലെ കുഞ്ചിമേനോന്‍ചള്ളയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ചിന്നപ്പന്‍, തോമസ്, കനകമുത്തു ശെല്‍വരാജ്, പഴനി സ്വാമി എന്നീ നാല് കുടുംബങ്ങള്‍ താമസിക്കുന്ന വീട്ടിലേക്കുള്ള വഴി അഹല്യ അധികൃതര്‍ അടച്ചുകെട്ടിയിരിക്കുകയാണ്. കുഞ്ചിമേനോന്‍ പതി, പ്ലാസംപതി, എരുമക്കാരനൂര്‍ എന്നീ മൂന്നു ഗ്രാമങ്ങളിലേക്കുള്ള വഴി കൂടിയാണിത്. ഇതിനെതിരേ ഇവര്‍ പഞ്ചായത്ത്, വില്ലേജ്, എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
കാംപസിനകത്തുള്ള കനാലുകള്‍ അടക്കമുള്ള പുറമ്പോക്ക് സ്ഥലങ്ങളും ഇവര്‍ കൈയേറിയിട്ടുണ്ട്. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ കാംപസിനകത്ത് നിന്നും പാറ പൊട്ടിക്കലും തകൃതിയാണ്. മലമേട്ടുകാവില്‍ ഹൃദയസ്വാമി എന്നയാള്‍ 10 സെന്റ് സ്ഥലം ജയകുമാര്‍ എന്നയാള്‍ക്ക് വിറ്റിരുന്നു. എന്നാല്‍ മുംബൈയിലായിരുന്ന ജയകുമാര്‍ തിരിച്ചെത്തിയ ശേഷം താന്‍ വാങ്ങിയ സ്ഥലം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഈ ഭൂമിയും അഹല്യ കൈക്കലാക്കുകയാണുണ്ടായിട്ടുള്ളത്.
അഹല്യ പൊതുസ്ഥലം കൈയേറിയതിനെതിരേയും റോഡ് അടച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേയും സിപിഎം മുന്‍കൈയെടുത്തു വില്ലേജ്, പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. ഇതില്‍ അമര്‍ഷം പൂണ്ട അഹല്യ അധികൃതര്‍ സിപിഎം ഐഐടിക്കെതിരാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഐഐടിയുടെ മറവില്‍ സ്ഥലം കൈയേറാനുള്ള അഹല്യയുടെ നീക്കത്തിനെതിരേ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും സിപിഎം ചിറ്റൂര്‍ ഏരിയ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, വടകരപ്പതി ലോക്കല്‍ സെക്രട്ടറി സുലൈമാന്‍, വടകരപ്പതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ഏരിയകമ്മിറ്റിയംഗം അഡ്വ. കെ വിജയന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it