ഐഐഎംസി മേധാവിയായി സംഘപരിവാര സഹയാത്രികനെ നിയോഗിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമ പഠന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ പുതിയ മേധാവിയായി കെ ജി സുരേഷ് നിയമിതനായേക്കും. ആര്‍എസ്എസ്സിന്റെ നിയന്ത്രണത്തിലുള്ള പഠന ഗവേഷണ കേന്ദ്രമായ വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനിലെ മുതിര്‍ന്ന അംഗമാണ് മലയാളി കൂടിയായ സുരേഷ്.
വിവേകാനന്ദ ഫൗണ്ടേഷന്റെ വെബ്‌സൈറ്റ്, ആഭ്യന്തര പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ എഡിറ്ററും സുരേഷാണ്. കേന്ദ്ര വിവര-പ്രക്ഷേപണ മന്ത്രാലയം സുരേഷിന്റെ നിയമനത്തില്‍ അന്തിമ തീരുമാനമെടുത്തതായാണ് റിപോട്ടുകള്‍.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ നിലവിലെ മേധാവിയായ സുനിത് ടണ്ടന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. മൂന്ന് വര്‍ഷമാണ് ഡയറക്ടരുടെ കാലാവധി. എന്നാല്‍, വേണമെങ്കില്‍ ഇത് രണ്ട് വര്‍ഷത്തേക്കു കൂടി നീട്ടാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ടണ്ടന്റെ സേവനം തുടരേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സുരേഷ് ഈയിടെ ദൂരദര്‍ശന്‍ ന്യൂസിന്റെ സീനിയര്‍ കണ്‍സള്‍ട്ടിങ് എഡിറ്ററായി നിയമിതനായിരുന്നു. ഇതിന് മുമ്പും ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ച പലരെയും മോദി സര്‍ക്കാര്‍ ഉന്നത പദവികളില്‍ നിയമിച്ചിട്ടുണ്ട്.
വിവേകാനന്ദ ഫൗണ്ടേഷന്റെ ഡയറക്ടറായിരിക്കവെയാണ് അജിത് ദോവലിനെ മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ നൃപേന്ദ്ര മിശ്ര ആ പദവിയിലേക്ക് വരുന്നതിന് മുമ്പ് വിവേകാനന്ദ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. ഫൗണ്ടേഷനിലെ പ്രത്യേക മുതിര്‍ന്ന അംഗമായിരുന്ന എ സൂര്യപ്രകാശാണ് പ്രസാര്‍ ഭാരതിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. ഫൗണ്ടേഷന്റെ ശാസ്ത്ര-സാങ്കേതിക പഠന കേന്ദ്രത്തിന്റെ ഡീനും ഡിആര്‍ഡിഒ മുന്‍ മേധാവിയുമായ വി കെ സരസ്വത് ഇപ്പോള്‍ നീതി ആയോഗില്‍ ഒരു സ്ഥിരാംഗമാണ്.
ആര്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഏക്‌നാഥ് റാനഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രയുടെ ഭാഗമായ ഗവേഷണ സ്ഥാപനമാണ് വിവേകാനന്ദ ഇന്റര്‍നാഷല്‍ ഫൗണ്ടേ ഷന്‍.
Next Story

RELATED STORIES

Share it