Kottayam Local

ഐഐആര്‍ബിഎസ് മുന്‍ ഓണററി ഡയറക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; എംജി സിന്‍ഡിക്കേറ്റ് ഉപരോധിച്ചു

കോട്ടയം: എംജി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേയ്‌സിക് സയന്‍സിന്റെ സ്ഥാപനത്തിനു ശേഷം ഉണ്ടായ പ്രവര്‍ത്തന പിഴവുകളെ കുറിച്ചും ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായിരുന്ന ഡോ. ഐ ഇബ്‌നു സൗദിന്റെ കാലയളവില്‍ നടന്ന സാമ്പത്തിക/നിയമന ക്രമക്കേടുകളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയോട് ആവശ്യപ്പെടുവാന്‍ സര്‍വകലാശാല തീരുമാനിച്ചു.
സര്‍ക്കാരില്‍ നിന്നു ലഭിച്ച 40 ലക്ഷം രൂപയുടെ പ്രോജക്ട് ഫണ്ട് ചെലവഴിച്ചതിലും ഐഐആര്‍ബിഎസില്‍ ഓണററി ഡയറക്ടര്‍ സ്ഥാനം വഹിച്ച കാലയളവില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും, അവിടെ നടത്തിയ നിയമനങ്ങളിലും, കെട്ടിട നിര്‍മാണവും, നാല് വര്‍ഷത്തോളം സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ഹാജരാവുകയോ ക്ലാസ് എടുക്കുകയോ ചെയ്യാതെ ശമ്പളം എഴുതിയെടുത്തതിലും മുന്‍ ഡയറക്ടര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
വിജിലന്‍സ് അന്വേഷണത്തിനൊപ്പം ആഭ്യന്തര അന്വേഷണം നടത്തി 30 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രഫ. ടി വി തുളസീധരന്‍ കണ്‍വീനറായി മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി. എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതുവരെ മാറ്റിവച്ചതായും അധികൃതര്‍ അറിയിച്ചു.
എംജി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടതുസംഘടനാജീവനക്കാര്‍ എംജി സിന്‍ഡിക്കേറ്റ് ഉപരോധിച്ചു.
ഉപരോധത്തിനൊടുവില്‍ സിന്‍ഡിക്കേറ്റ് യോഗം മാറ്റിവെച്ച് വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടു. നിയമവിരുദ്ധമായി സ്വാശ്രയമേഖലയില്‍ പുതിയ കോഴ്‌സുകളും കോളജുകളും അനുവദിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
Next Story

RELATED STORIES

Share it