Flash News

ഐഎസ് വിരുദ്ധ പ്രചാരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് : അബ്ദുല്‍ മജീദ് ഫൈസി



കണ്ണൂര്‍: ഐഎസ് എന്ന നിഗൂഢ സംഘത്തിലെ അംഗങ്ങളെന്ന നിലയില്‍ ചിലര്‍ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് അത്യന്തം ആശങ്കയുളവാക്കുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ സൗഹാര്‍ദം തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന സംഘപരിവാരം ഇത്തരം വാര്‍ത്തകള്‍ മുതലെടുക്കുകയാണ്. എന്നാല്‍ സിപിഎമ്മും അനുബന്ധ ഘടകങ്ങളും സംഘപരിവാര അജണ്ടയ്ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് എസ്ഡിപിഐ ആണെന്ന സംഘപരിവാര പ്രചാരണം കള്ളമാണെന്ന് ബിരിയാണി ഹംസയുടെ അറസ്റ്റിലൂടെ തെളിഞ്ഞു. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രബിന്ദു ഹംസയാണെന്ന് പോലിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹംസ എസ്ഡിപിഐയുടെ പ്രാഥമികാംഗത്വംപോലുമില്ലാത്ത വ്യക്തിയാണ്. ഏതെങ്കിലും സംഘടനയുടെ പ്ലാറ്റ്‌ഫോമുകളല്ല, മറിച്ച് ഹംസയുടെ വ്യക്തിബന്ധങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് അധികമാളുകള്‍ തെറ്റായ മാര്‍ഗത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം. എന്നാല്‍ ഇത്തരം വസ്തുതകള്‍ ബോധപൂര്‍വം തിരസ്‌കരിച്ച് എസ്ഡിപിഐക്കെതിരേ സിപിഎം അതീവഗുരുതരമായ കുപ്രചാരണം നടത്തുന്നത് അന്ധമായ രാഷ്ട്രീയ വിരോധംമൂലമാണ്. ഐഎസിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. നാട്ടില്‍ സുതാര്യമായും ജനാധിപത്യവിരുദ്ധമല്ലാത്തതുമായ മേഖലകളില്‍ പ്രവൃത്തിക്കാന്‍ മാത്രമാണ് എസ്ഡിപിഐ അനുവദിക്കുന്നത്. സംഘപരിവാര സംഘടനകളുടെ ചുവടുപിടിച്ച് എസ്ഡിപിഐക്കെതിരേ നടത്തുന്ന കുപ്രചാരണങ്ങളില്‍ നിന്ന് ഇടതുപക്ഷ സംഘടനകള്‍ പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു. കെ കെ അബ്ദുല്‍ ജബ്ബാര്‍,  ബഷീര്‍ കണ്ണാടിപ്പറമ്പ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it