ഐഎസ് വിരുദ്ധ പോരാട്ടത്തിലെ പങ്കാളിത്തം; ജര്‍മന്‍ പാര്‍ലമെന്റിന്റെ പിന്തുണ

ബെര്‍ലിന്‍: സിറിയയിലെ ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാവാനുള്ള ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കലിന്റെ നീക്കത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ പിന്തുണ. യുഎസ് നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ സഖ്യത്തെ സഹായിക്കാനായി ജര്‍മനി ടൊര്‍ണാഡോ നിരീക്ഷണ ജറ്റുകളും യുദ്ധക്കപ്പലും 1,200 സൈനികരെയും അയക്കും. പാരിസിലെ സായുധാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിന്റെ അഭ്യര്‍ഥന മാനിച്ചാണ് ജര്‍മനിയുടെ നീക്കം.
ഐഎസ് തങ്ങളെയും ലക്ഷ്യമാക്കുന്നതായി ജര്‍മനി ഭയക്കുന്നുണ്ട്. സമീപകാലത്തെ ജര്‍മനിയുടെ ഏറ്റവും വലിയ സൈനിക നീക്കമാണിത്. 146നെതിരേ 445 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റില്‍ പ്രമേയം പാസായത്. ഏഴു പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. സിറിയക്കകത്തും പുറത്തും ഐഎസ് സാന്നിധ്യമുള്ള എല്ലായിടങ്ങളിലും സൈന്യത്തെ വിന്യസിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കിഴക്കന്‍ മധ്യധരണ്യാഴി, ഗള്‍ഫ്, ചാവുകടല്‍ എന്നിവിടങ്ങളിലൂടെയും സൈനിക നീക്കം നടത്തും. കിഴക്കന്‍ മധ്യധരണ്യാഴിയിലെ ഫ്രഞ്ച് വിമാനവാഹിനി കപ്പലിനെ സഹായിക്കാനാണ് ജര്‍മനി യുദ്ധക്കപ്പല്‍ അയക്കുന്നത്. ഒരു വര്‍ഷം നീളുന്ന ദൗത്യത്തിന് 14.2 കോടി ഡോളറും ജര്‍മനി വകയിരുത്തിയിട്ടുണ്ട്.
പ്രതിപക്ഷ നിരയിലുള്ള തീവ്ര ഇടതുപക്ഷമായ ഡെയ്‌ലിന്‍കെയും പരിസ്ഥിതിവാദികളായ ഗ്രീന്‍സ് അംഗങ്ങളും പ്രമേയത്തെ എതിര്‍ത്തു.
ഐഎസ് വിരുദ്ധ പോരാട്ടത്തെ പിന്തുണയ്ക്കാനുള്ള പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നീക്കത്തിന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ ബ്രിട്ടിഷ് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം സിറിയയില്‍ ആക്രമണത്തിനു തുടക്കംകുറിച്ചിരുന്നു.
പാരിസില്‍ കഴിഞ്ഞമാസം 130 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. തുടര്‍ന്നാണ് ഐഎസ് വിരുദ്ധ നീക്കം അന്താരാഷ്ട്ര സഖ്യം ശക്തിപ്പെടുത്തിയത്.
Next Story

RELATED STORIES

Share it