Flash News

ഐഎസ് ഭീതി: തീവ്ര സലഫികളെ മാനസാന്തരപ്പെടുത്താന്‍ കേരള പോലിസ്

ഐഎസ് ഭീതി: തീവ്ര സലഫികളെ മാനസാന്തരപ്പെടുത്താന്‍ കേരള പോലിസ്
X
നഹാസ് എം നിസ്താര്‍

മലപ്പുറം: ഐഎസിലെ മലയാളി സാന്നിധ്യം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തിലെ തീവ്ര സലഫി ആശയക്കാരെ പിന്തുടര്‍ന്ന് മാനസാന്തരപ്പെടുത്താന്‍ കേരള പോലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും രണ്ട് എസ്‌ഐമാരും ഓരോ ജില്ലകളില്‍ നിന്നും രണ്ടുവീതം പരിചയസമ്പന്നരായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നതാണ് ഈ സംഘം. മുജാഹിദ് ഗ്രൂപ്പുകളില്‍ സജീവമല്ലാതെ ഒറ്റപ്പെട്ട സലഫി ആശയക്കാരെയാണ് സംഘം ലക്ഷ്യമിടുന്നത്. ഇത്തരക്കാരെ നിരീക്ഷിക്കുക, അവരുടെ ബന്ധങ്ങള്‍ കണ്ടെത്തുക, ഫോ ണ്‍കോളുകള്‍ നിരീക്ഷിക്കുക, വീടുകള്‍ സന്ദര്‍ശിച്ച് അവരുമായി സലഫി വിഷയങ്ങള്‍ സംസാരിക്കുക എന്നിവയാണു പദ്ധതി. ആവശ്യമെങ്കില്‍ ഖുര്‍ആനും സുന്നത്തും മുന്‍നിര്‍ത്തി തര്‍ക്കവിഷയത്തില്‍ ചര്‍ച്ചകളും അവരുമായി ഉദ്യോഗസ്ഥസംഘങ്ങള്‍ നടത്തും.



ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച മുസ്‌ലിം പോലിസുകാരെയാണ് ദൗത്യസംഘത്തില്‍ നിയോഗിച്ചിട്ടുള്ളത്. ഐഎസിലേക്ക് മലയാളികള്‍ എത്തുന്നത് തടയുകയാണു ലക്ഷ്യം. സംശയിക്കപ്പെടുന്ന വ്യക്തിയുടെ വീട്ടിലും ബന്ധുവീടുകളിലും നാട്ടിലും നിരന്തരമായി സംഘം എത്തും. ആശയം തെറ്റിദ്ധരിച്ച വ്യക്തിയാണെങ്കില്‍ ആവശ്യമായ കൗണ്‍സലിങ് നല്‍കും. വിഷയത്തിന്റെ ഗൗരവം വ്യക്തിയെയും കുടുംബത്തെയും ധരിപ്പിക്കും. നിയമപരമായ കാര്യങ്ങളും അറിയിക്കും.കഴിഞ്ഞ നാലുമാസമായി കേരളത്തില്‍ പോലിസ് ഈ ദൗത്യവുമായി സജീവമാണ്. നിലവില്‍ ഐഎസിലേക്കു പോയ മുഴുവന്‍ പേരുടെയും വീടുകളും നാടുകളും സംഘം പരിശോധിച്ചുകഴിഞ്ഞു. അവര്‍ ഐഎസിലേക്ക് ആകര്‍ഷിക്കാനിടയായ സാഹചര്യങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇത്തരം ആശയങ്ങള്‍ പ്രചരിക്കുന്നത് യുവാക്കളിലാണ്. ഇവരെ തെറ്റായ ആശയങ്ങളില്‍ നിന്നു നിരന്തര സമ്പര്‍ക്കത്തിലൂടെ പിന്തിരിപ്പിക്കും. അല്ലാത്തവരെ നിയമപരമായി നേരിടാനാണു തീരുമാനം. കേരളത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരിലാണ് ഈ ആശയങ്ങള്‍ പ്രചരിക്കുന്നതത്രേ. ജില്ലാ പോലിസ് സൂപ്രണ്ടുമാരാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it