ഐഎസ് ബന്ധമെന്നു സംശയം: തലശ്ശേരി സ്വദേശിയുടെ വീട്ടില്‍ പരിശോധന

തലശ്ശേരി: ഇസ്‌ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമുണ്ടെന്നു സംശയിച്ച് തലശ്ശേരി സ്വദേശിയുടെ വീട്ടില്‍ സംസ്ഥാന പോലിസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ പരിശോധന. തലശ്ശേരി ചാലില്‍ സ്വദേശിയുടെ വീട്ടിലാണു പരിശോധന നടത്തിയത്. കഴിഞ്ഞ ഒമ്പതു മാസമായി യുവാവ് ജിദ്ദയിലെ ജയിലിലാണെന്നു ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. വടക്കുമ്പാട്ട് ഗുംട്ടിക്കടുത്താണ് ഇയാളുടെ ഭാര്യവീട്.
നാട്ടില്‍ വന്നു തിരിച്ചുപോയശേഷം യാതൊരു വിവരവുമില്ലാത്തതിനാല്‍ സ്വന്തം വീട്ടുകാരും ഭാര്യവീട്ടുകാരും ആശങ്കയിലായിരുന്നു. ഇയാളുടെ നാട്ടിലെ ബന്ധങ്ങളും പശ്ചാത്തലവും എസ്എസ്ബി ശേഖരിച്ചിട്ടുണ്ട്. തലശ്ശേരിക്കാരനോടൊപ്പം എടക്കാട് സ്വദേശികൂടി ഐഎസ് ബന്ധത്തിന്റെ പേരില്‍ വിദേശത്തു കഴിയുന്നതായി സൂചനയുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ രഹസ്യാന്വേഷണവിഭാഗം പരിശോധനയ്‌ക്കെത്തിയത്.
ഒമ്പതുമാസം മുമ്പ് അവധി കഴിഞ്ഞ് ഗള്‍ഫിലേക്കു തിരിച്ചുപോയ ശേഷം ചാലില്‍ സ്വദേശി ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടില്ല. അന്വേഷണം തുടരുന്നതിനിടെ, ഇയാള്‍ ജയിലിലാണെന്ന് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സൗദിയിലുണ്ടായ സംഘട്ടനത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്‌തെന്നാണു നാട്ടില്‍ ലഭിച്ച വിവരം.
Next Story

RELATED STORIES

Share it