ഐഎസ് പതാകയേന്തിയത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍: യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം വധിച്ച പ്രഫസര്‍ മുഹമ്മദ് റാഫി ഭട്ടിന്റെ സംസ്‌കാരച്ചടങ്ങില്‍ ഐഎസ് പതാകകളുമായെത്തിയവര്‍ സര്‍ക്കാര്‍ ഏജന്റുമാരാണെന്ന് കശ്മീരി സംഘടനകളുടെ സഖ്യമായ യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ (യുജെസി). കശ്മീരിലെ താജ്മാര്‍ഗില്‍ വിനോദസഞ്ചാരിയെ കല്ലെറിഞ്ഞു കൊന്നയാളെ സംരക്ഷിക്കുന്നത് പോലിസുകാരാണെന്ന് യുജെസി വക്താവ് സഈദ് സദാഖത് ഹുസയ്ന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐഎസിന്റെ പേരു പറഞ്ഞ് കശ്മീരിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കാനാണ് രഹസ്യാന്വേഷണ ഏജന്റുമാരും പോലിസും ശ്രമിക്കുന്നത്. ഭട്ടിന്റെ സംസ്‌കാരച്ചടങ്ങില്‍ ഐഎസ് പതാകകളുമായി എത്തിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരാണെന്ന് ദൃക്്‌സാക്ഷികളാണ് അറിയിച്ചതെന്നും സദാഖത് ഹുസയ്ന്‍ വ്യക്തമാക്കി.
കശ്മീരിനെതിരായ പ്രചാരണങ്ങള്‍ക്കായാണ് ഇത്തരം തന്ത്രങ്ങള്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ പ്രയോഗിക്കുന്നത്. കശ്മീരിനെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിടാനാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലിസും ശ്രമിക്കുന്നത്.
യാഥാര്‍ഥ്യത്തെക്കുറിച്ച് കശ്മീര്‍ ജനതയ്ക്കു ബോധ്യമുണ്ട്. അവര്‍ ഇത്തരം ശ്രമങ്ങള്‍ക്കു പിറകിലെ ഗൂഢാലോചന മനസ്സിലാക്കുമെന്നും യുജെസി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കശ്മീരില്‍ ഐഎസ് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചില മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it