ഐഎസ് നേതാക്കള്‍ക്ക് ഒളിക്കാനാവില്ല: ഒബാമ

വാഷിങ്ടണ്‍: ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ യുഎസ് നേതൃത്വത്തില്‍ നടത്തുന്ന ഐഎസ് വിരുദ്ധ പോരാട്ടം ശക്തമാക്കിയതായി പ്രസിഡന്റ് ബറാക് ഒബാമ. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സായുധാക്രമണങ്ങള്‍ പടരുന്നതിലുള്ള ആശങ്ക യുഎസില്‍ വളരുന്ന സാഹചര്യത്തില്‍ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ. സംയുക്ത വ്യോമാക്രമണത്തില്‍ ഐഎസിന്റെ പ്രമുഖ നേതാക്കളെ കൊലപ്പെടുത്താന്‍ സാധിച്ചു. ഓരോരുത്തരെയായി വകവരുത്തുകയാണ്.
ഐഎസ് തലവന്‍മാര്‍ക്ക് ഒളിച്ചിരുന്നു രക്ഷപ്പെടാനാവില്ല, അവര്‍ക്കു നല്‍കാനുള്ള സന്ദേശം വളരെ ലളിതമാണ്. അടുത്ത ഊഴം നിങ്ങളുടേതാണ്. ഐഎസിനെതിരേ മുമ്പുണ്ടായിരുന്നതിലും ശക്തിയായ ആക്രമണമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഒബാമ പറഞ്ഞു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഒബാമയുടെ മുന്നറിയിപ്പ്. ഐഎസിനെ തുടച്ചുനീക്കുന്നതോടൊപ്പം രാജ്യത്തിനകത്തെ അനുകൂലികളെ തടയാനുള്ള പദ്ധതികളും യുഎസ് നടപ്പാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it