Flash News

ഐഎസ് തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ജിഹാദി ജാക്ക്‌

ലണ്ടന്‍: ഐഎസില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതിനു പിന്നാലെ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങള്‍ വെളിപ്പെടുത്തി ജിഹാദി ജാക്ക്. തന്റെ മാറ്റം മനസ്സിലാക്കിയ ഐഎസ് പ്രവര്‍ത്തകര്‍ രണ്ടുതവണ തന്നെ വധിക്കാന്‍ ശ്രമിക്കുകയും തടവില്‍ പാര്‍പ്പിക്കുകയും ചെയ്തതായി ബ്രിട്ടിഷ് പൗരനായ ജാക്ക് വെളിപ്പെടുത്തുന്നു. സിറിയയില്‍ ഐഎസിനു വേണ്ടി പ്രവര്‍ത്തിച്ച ജിഹാദി ജാക്ക് കുര്‍ദ് സൈനികരുടെ പിടിയിലായതു കഴിഞ്ഞയാഴ്ചയാണു മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. നിലവില്‍ കുര്‍ദ് നിയന്ത്രിത മേഖലയില്‍ തടവില്‍ കഴിയുന്ന ജാക്ക് ബിബിസിക്ക് അയച്ച സന്ദേശത്തിലാണു തനിക്കു നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒരിക്കല്‍ റക്കയിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതായും കൂട്ടാളികളുടെ മരണം കടുത്ത നിരാശയുണ്ടാക്കിയതായും ജാക്ക് പറയുന്നു. ഐഎസിനോടൊപ്പം ഉണ്ടായ ചുരുങ്ങിയ കാലംകൊണ്ടുതന്നെ താന്‍ അമേരിക്കക്കാരേക്കാള്‍ ഐഎസിനെ വെറുക്കാന്‍ താല്‍പര്യപ്പെടുന്നതായും ജിഹാദി ജാക്ക് പറഞ്ഞതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കള്ളക്കടത്തുകാരനൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുര്‍ദ് പോസ്റ്റില്‍ നിന്നു വെടിയേറ്റിരുന്നു. ഇപ്പോള്‍ കുര്‍ദ് സൈന്യത്തിന്റെ തടവിലാണു താനെന്നും ബിബിസിയോട് ജാക്ക് വെളിപ്പെടുത്തുന്നു. 2014ലാണ് ജാക്ക് ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാരംഭിക്കുന്നത്.
Next Story

RELATED STORIES

Share it