ഐഎസ് കേസ് : സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടുന്നു

ന്യൂഡല്‍ഹി: ഐഎസിന്റെ പ്രവര്‍ത്തനങ്ങളേയും അംഗങ്ങളേയും തിരിച്ചറിയുന്നതിന് സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കോടതിയെ അറിയിച്ചു. ഐഎസുമായി ബന്ധമുള്ളവരെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴാണ് എന്‍ഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവിധ സാമൂഹിക മാധ്യമങ്ങളായ വാട്‌സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം, കെഐകെ, സുവര്‍സ്‌പോട്ട് എന്നീ സ്ഥാപനങ്ങള്‍ക്കാണ് പരസ്പര നിയമ സഹായ ഉടമ്പടി പ്രകാരം വിവരങ്ങള്‍ കൈമാറാന്‍ എന്‍ഐഎ അപേക്ഷ നല്‍കിയത്. ഐഎസുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുഎഇയില്‍ നിന്നു പുറത്താക്കിയ ഷെയ്ഖ് അസ്ഹറുദ്ദീന്‍ ഇസ്‌ലാം, മുഹമ്മദ് ഫര്‍ഗാന്‍ ഷെയ്ഖ്, അദ്‌നാന്‍ ഹസന്‍ എന്നിവരെയാണ് കഴിഞ്ഞ ജനുവരി 29ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കോടതി ഇവരുടെ റിമാന്‍ഡ് പത്ത് ദിവസത്തേക്കു കൂടി നീട്ടി.
മധ്യപൗരസ്ത്യ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന പ്രചാരണത്തിനും അംഗങ്ങളെ ചേര്‍ക്കാനുമായി സാമൂഹിക മാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നതെന്ന് എന്‍ഐഎ പറഞ്ഞു.
ഇന്റര്‍നെറ്റിനെയും മറ്റു സാമൂഹിക മാധ്യമങ്ങളേയും വിപുലമായ തോതില്‍ ഇവര്‍ ഉപയോഗിച്ചതായി ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും എന്‍ഐഎ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it