World

ഐഎസ്: ഇറാഖില്‍ 12 പേര്‍ക്ക് അതിവേഗ വധശിക്ഷ

ബഗ്ദാദ്: ഇറാഖില്‍ ഐഎസ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട 12 പേരുടെ വധശിക്ഷ നടപ്പാക്കി. സുരക്ഷാ സൈന്യത്തിലെ എട്ടുപേരെ ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സായുധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷാ നടപടി എത്രയും വേഗത്തില്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നേരത്തെ ഉത്തരവിട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവര്‍ എന്നു സംശയിക്കുന്നവരുടെ വധശിക്ഷ നടപ്പാക്കിയത്. തട്ടിക്കൊണ്ടുപോയ എട്ട് സൈനികരുടെ മൃതദേഹങ്ങള്‍ ശരീരഭാഗങ്ങള്‍ വിച്ഛേദിച്ച നിലയിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച നിലയിലും കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നല്‍കിയ കാലാവധി അവസാനിക്കുംമുമ്പാണ് സൈനികരെ ഐഎസ് കൊലപ്പെടുത്തിയതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സൈനികരെ ഐഎസ് തട്ടിക്കൊണ്ടുപോയത്. മൂന്നു ദിവസത്തിനുള്ളില്‍ ഇറാഖിലെ സുന്നി വനിതാ തടവുകാരെ മോചിപ്പിച്ചില്ലെങ്കില്‍ സൈനികരെ വധിക്കുമെന്ന് ഐഎസ് ഭീഷണിമുഴക്കിയിരുന്നു. തടവിലുള്ള ആറു സൈനികരുടെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇറാഖ് സര്‍ക്കാര്‍ ഇതുവരെ ഐഎസ് ബന്ധത്തിന്റെ പേരില്‍ 300ഓളം പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ നൂറിലധികം പേര്‍ വിദേശികളാണ്.
Next Story

RELATED STORIES

Share it