ഐഎസ് ആക്രമണം; സിറിയയില്‍ മരണം 140 ആയി

ദമസ്‌കസ്: സിറിയയില്‍ ദമസ്‌കസിലും ഹോംസിലുമുള്ള ശിയാ പള്ളികള്‍ക്കു സമീപം ഐഎസ് നടത്തിയ സ്‌ഫോടനപരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 140 ആയി. സിറിയന്‍ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള വെടിനിര്‍ത്തല്‍ പുരോഗമിക്കുകയാണെന്ന് യുഎസും റഷ്യയും അവകാശപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. മരണസംഖ്യ 180ഓളം വരുമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു. ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ രണ്ടുപേര്‍ സ്‌ഫോടനം നടത്തിയതിനു പിന്നാലെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് സയ്യിദ് സെയ്‌നാബ് പള്ളിക്കടുത്ത് 83 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന അറിയിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. 60ഓളം കടകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ടെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഈ പള്ളിക്കടുത്തു കഴിഞ്ഞ മാസം അവസാനം ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശിയാ വിശ്വാസികളുടെ തീര്‍ഥാടനകേന്ദ്രമായ ഇവിടെ, പ്രവാചകന്‍ മുഹമ്മദിന്റെ കൊച്ചുമകളുടെ കല്ലറ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. ഹോംസില്‍ കഴിഞ്ഞദിവസം ഇരട്ട കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായതിനു പിന്നാലെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. അതില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസേന ആക്രമണം നടക്കുന്ന മേഖലയാണ് ഹോംസ്.
Next Story

RELATED STORIES

Share it